ആലപ്പുഴ: സഞ്ചാരികൾക്ക് വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ കാട്ടുന്ന ഉദാസീനത ഹൗസ്ബോട്ട് വ്യവസായത്തെ തകർക്കുമെന്ന് കെ.സി. വേണുഗോപാൽ എം.പി. അടിക്കടി അപകടങ്ങൾ ഉണ്ടായിട്ടും ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഫലപ്രദമായ ഒരു നടപടിയും ടൂറിസം വകുപ്പ് സ്വീകരിക്കുന്നില്ല.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പേർ കായലിൽ വീണ് മരിച്ചിട്ടും സംഭവത്തെ സർക്കാർ ഗൗരവമായി കാണുന്നില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ മാത്രം പേരിന് നടപടിയെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും വകുപ്പ് മന്ത്രി നേരിട്ട് ഹൗസ് ബോട്ട് സംരംഭകരുടേയും ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട വകുപ്പുകളുടെ തലവൻമാരുടേയും യോഗം ആലപ്പുഴയിൽ വിളിച്ചു ചേർക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
ബോട്ടുകൾക്കും ജീവനക്കാർക്കും ആവശ്യമായ ലൈസൻസ് ഉറപ്പുവരുത്തണം. ജീവനക്കാരെ നിയമിക്കുന്നതിനു മുൻപ് മൂന്നു മാസത്തെ പരിശീലനം നൽകി ലൈസൻസ് നിർബന്ധമാക്കണമെന്ന മുൻ തീരുമാനം പോലും നടപ്പാകുന്നില്ല. ക്രൂ ലൈസൻസ് നൽകുന്നതിനുള്ള സംവിധാനം പോലും പ്രവർത്തിക്കുന്നില്ല.
ബോട്ട് ലൈസൻസ് നൽകുന്നതിനും മലിനീകരണനിയന്ത്രണ ബോർഡ് അനുമതി ലഭിക്കുന്നതിനും ഉള്ള കാലതാമസം പരിഹരിക്കണം. ടൂറിസം മേഖലയിൽ ഹൗസ് ബോട്ട് കേന്ദ്രീകരിച്ച അനാരോഗ്യ പ്രവണതകൾ ഉള്ളതായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കണം.
1500 ലധികം ഹൗസ്ബോട്ടുകൾ സർവ്വീസ് നടത്തുന്ന ആലപ്പുഴയിൽ അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാനാവശ്യമായ എമർജൻസി റെസ് പോണ്സ് സംവിധാനം സ്പീഡ് ബോട്ടോടുകൂടി നടപ്പിലാക്കണം. പോലീസ് ഫയർ ജലഗതാഗതം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് എയ്സ് പോസ്റ്റുകളും സഞ്ചാരികൾക്ക് മതിയായ വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ വേണ്ട സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും എം. പി. ടുറിസം മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.