മുഹമ്മ: പാതിരാമണൽ ദ്വീപിന് സമീപം ഹൗസ് ബോട്ട് അഗ്നിക്കിരയായപ്പോൾ യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രം. ഹൗസ് ബോട്ടുകളിൽ സൂക്ഷിക്കേണ്ട ജീവൻ രക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റുകളോ ലൈഫ് ബോയകളോ ബോട്ടിൽ ഇല്ലായിരുന്നുവെന്നു യാത്രക്കാർ പറയുന്നു.
ആറു മാസം പ്രായമായ കുട്ടിയുൾപ്പെടെ മൂന്നു കുട്ടികളും, നീന്തൽ പരിചയമില്ലത്ത യാത്രക്കാരും ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നു. ജീവൻ കൈയിലെടുത്താണ് എല്ലാവരും കത്തുന്ന ബോട്ടിൽനിന്നു കായലിലേക്കു ചാടിയത്.
പാതിരാമണലിനോടു ചേർന്ന അഴം കുറഞ്ഞ ഭാഗത്തേക്കു ബോട്ട് ഓടിച്ചു കയറ്റിയതാണു രക്ഷയായത്. അഞ്ചടിയോളം മാത്രം താഴ്ചയുള്ള ഭാഗമായതിനാൽ കായലിൽ ചാടിയവർക്കു കാൽ കുത്തി നിൽക്കാൻ കഴിഞ്ഞു. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയും കുട്ടികളെയുമൊക്കെ എടുത്തുകൊണ്ടാണ് യാത്രക്കാർ ചാടിയത്.
കാൽകുത്തി നിൽക്കാൻ കഴിഞ്ഞതുകൊണ്ടു മാത്രമാണ് യാത്രക്കാർ രക്ഷപ്പെട്ടത്. അപകടവാർത്ത അറിഞ്ഞപ്പോൾ കുമരകം ബോട്ട് ദുരന്തത്തിന്റെ ഓർമകളാണ് നാടിനെ വേട്ടയാടിയത്. നടുക്കായലിൽ ഉണ്ടായ അപകടത്തിൽ നിരവധി ജീവനുകൾ അന്നു പൊലിഞ്ഞിരുന്നു.
ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന പ്രഖ്യാപനം അന്നു മുതൽ ഉയരുന്നുണ്ടെങ്കിലും നടപടികൾ കടലാസിൽ മാത്രം. കായലിൽ വിനോദ സഞ്ചാരികളുമായി പോകുന്ന ബോട്ടുകളിൽ ഭൂരിഭാഗത്തിലും ജീവൻ രക്ഷാ ഉപകരണങ്ങൾ ഇല്ലെന്നും യാത്രക്കാർ കുറ്റപ്പെടുത്തുന്നു.
രക്ഷിക്കാനെത്തിയ സ്പീഡ് ബോട്ടും മുങ്ങി
കുമരകം: സവാരിക്കിടെ വേന്പനാട്ട് കായലിൽ ഹൗസ് ബോട്ടിനു തീ പിടിച്ച സംഭവത്തിൽ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെ സ്പീഡ് ബോട്ട് മുങ്ങിത്താണു. എങ്കിലും കൂടുതൽ അപകടമുണ്ടായില്ല. ഇന്നലെ ഉച്ചകഴിഞ്ഞു ഒന്നിനു വേന്പനാട്ട് കായലിൽ പാതിരാമണലിനു സമീപമാണു സംഭവം.
ഹൗസ് ബോട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ ഉൾപ്പെടെ യാത്രക്കാരെ മറ്റുബോട്ടുകാർ രക്ഷപ്പെടുത്തി. കുമരകത്തുനിന്നു പോയ ഓഷ്യൻ പാലസ് എന്ന ഹൗസ് ബോട്ടിനു പാതിരാമണലിനു തെക്കുഭാഗത്തുവച്ചാണ് തീ പിടിച്ചത്.
ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമികനിഗമനം. അറുപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണു കണക്കാക്കുന്നു. ഹൗസ് ബോട്ടിൽനിന്നും ആളുകളെ രക്ഷപ്പെടുത്താൻ എത്തിയ സ്പീഡ് ബോട്ടിൽ കൂടുതൽ പേർ കയറിതോടെയാണ് സ്പീഡ് ബോട്ട് മുങ്ങിത്താണത്.
അഞ്ചു പേർക്കു യാത്ര ചെയ്യാൻ കഴിയുന്ന സ്പീഡ് ബോട്ടിൽ 10 പേർ കയറിയതോടെയാണ് സ്പീഡ് ബോട്ട് മുങ്ങിയത്. എങ്കിലും ആഴം കുറവുള്ള സ്ഥലത്തായിരുന്നതിനാൽ അപകടം ഒഴിവായി. ഉല്ലല സ്വദേശിയുടെ ഹൗസ് ബോട്ട് പൂർണമായി കത്തി നശിച്ചു.
സംഭവം അറിഞ്ഞ് കുമരകം സിഐ ഷിബു പാപ്പച്ചൻ, എസ്ഐ ജി. രജൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പോലിസ് സംഘവും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
ഒരു വശത്ത് തീ, മറുവശത്തു കായൽ
മുഹമ്മ: വേന്പനാട്ട് കായലിൽ പാതിരാമണൽ ദ്വീപിനു സമീപം ഹൗസ്ബോട്ടിനു തീപിടിച്ചുണ്ടായ അപകടത്തിൽ ഒഴിവായതു വൻ ദുരന്തം.
ഒരു വശത്ത് തീയാളുന്നു, മറുവശത്ത് കണ്ണെത്താ ദൂരത്തിൽ കായൽ. ശരിക്കും നടുക്കടലിൽപ്പെട്ട അവസ്ഥയിലായിരുന്നു യാത്രിക്കാർ. താഴ്ച കുറവുള്ള ഭാഗത്തേക്കു ഹൗസ് ബോട്ട് അടുപ്പിക്കാൻ കഴിഞ്ഞതാണ് ഭാഗ്യമായത്. പെട്ടെന്നു തന്നെ മറ്റു ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയതും തുണയായി. നിസാര പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു.
ഭയന്നുവിറച്ച് അലമുറയിട്ടു കരഞ്ഞ യാത്രികരെയും കുട്ടികളെയും സമാധാനിപ്പിച്ചു പേടിയകറ്റി കരയ്ക്കെത്തിക്കാൻ രക്ഷാപ്രവർത്തകർക്കു കഴിഞ്ഞു. ആദ്യമായി ബോട്ടിൽ കയറുന്നവരും സംഘത്തിലുണ്ടായിരുന്നു.
പിഞ്ചുകുഞ്ഞുങ്ങളെയുമായി വെള്ളത്തിലേക്കു ചാടണോ എന്ന ആശങ്കയിലായിരുന്നു ചിലരെങ്കിലും നിമിഷനേരംകൊണ്ട് വള്ളത്തെ തീവിഴുങ്ങിയതിനാൽ ചാടുക മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന വഴി. ആഴം കുറഞ്ഞ ഭാഗത്തിനു സമീപമായിരുന്നു ഹൗസ്ബോട്ട് എന്നതാണ് യാത്രക്കാർക്കു ഭാഗ്യമായി മാറിയത്.