കുമരകം: ചീപ്പുങ്കൽ പാലത്തിനു സമീപം തോട്ടരികിൽ ബന്ധിച്ചിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. ‘’കാനനവാസൻ’’ എന്ന വിരിപ്പുകാല സ്വദേശി അനീഷിന്റെ ഹൗസ് ബോട്ടിനാണ് തീപിടിച്ചത്.
ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. തോടിന്റെ വടക്കേകരയിൽ കെട്ടിയിട്ടിരുന്ന ബോട്ടിൽനിന്ന് തീയും പുകയും ഉയർന്നതു കണ്ടപ്പോൾ തെക്കേ കരയിൽനിന്ന് വള്ളങ്ങളിലെത്തിയ നാട്ടുകാർ വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല.
തുടർന്ന് കോട്ടയത്തുനിന്ന് എത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് ഹൗസ് ബോട്ട് തോടിന്റെ മറുകരയിൽ സൗകര്യപ്രദമായ സ്ഥലത്ത് എത്തിച്ച് തീ അണക്കുകയായിരുന്നു.
ലോക്ക് ഡൗണ്‍ കാരണം ഹൗസ് ബോട്ടുകളെല്ലാം പല സ്ഥലങ്ങളിലായി കെട്ടിയിട്ടിരിക്കുകയാണ്. ചീപ്പുങ്കലിൽ തന്നെ മുപ്പതോളം ഹൗസ് ബോട്ടുകൾ നിരനിരയായി കിടക്കുകയാണ്. ജീവനക്കാർ എല്ലാ ദിവസവും ഇവ സ്റ്റാർട്ടാക്കുക പതിവാണ്.
ഇന്നലെ രാവിലെ ഈ ബോട്ട് പ്രവർത്തിപ്പിച്ചപ്പോൾ എൻജിനിൽനിന്ന് തീയും പുകയും ഉയരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറും മറ്റും ഉടൻ തന്നെ മാറ്റി തീയണയ്ക്കുകയാരുന്നു. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്ന് കുമരകം പോലീസ് പറഞ്ഞു.