ആലപ്പുഴ: ന്യു ഇയർ ആഘോഷ ഭാഗമായി ഹൗസ് ബോട്ടുകളിൽ പാർട്ടികൾ സംഘടിപ്പിക്കാൻ അനുവദിക്കരുതെന്ന് രഹസ്യാന്വേഷണ വിഭാഗം. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന പാർട്ടികൾ അപകടങ്ങൾക്കിടയാക്കുമെന്നു കാട്ടിയാണ് രഹസ്യാന്വേഷണ വിഭാഗം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്.
ന്യൂ ഇയർ പാർട്ടികൾ നടത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ ക്രമീകരണങ്ങളടക്കമുള്ളവ ഹൗസ് ബോട്ടുകളിൽ ഒരുക്കുവാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. കായലിലേക്ക് മാറി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നങ്കൂരമിടുന്ന ഹൗസ് ബോട്ടുകളിൽ സംഘടിപ്പിക്കുന്ന ന്യു ഇയർ പാർട്ടികളിൽ പങ്കെടുക്കുന്നവർ ജലയാനങ്ങളിൽ നിന്ന് വെള്ളത്തിൽ വീണാൽ രക്ഷപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണെന്നും രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഈ വർഷം ഒന്പത് വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടിൽ നിന്നും വെള്ളത്തിൽ വീണ് മരിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ന്യു ഇയർ പാർട്ടികൾ ഹൗസ് ബോട്ടിൽ സംഘടിപ്പിക്കുന്നതിനെതിരെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്.