ആലപ്പുഴ: ടൂറിസം മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ ഹൗസ്ബോട്ട് റാലി നടത്തി. പുന്നമട ഫിനിഷിംഗ് പോയിൻറിൽ നിന്നും കൈനകരി, ഇരുന്പനം കായൽ വഴി മൂന്നുമണിക്കൂർ നീണ്ടുനിൽക്കുന്ന റാലിയാണ് നടത്തിയത്.
ഇന്നലെ രാവിലെ 11 ഓടെ ഫിനിഷിംഗ് പോയിൻറിൽ നിന്നും ഹൗസ്ബോട്ടുകളും ശിക്കാരകളും മോട്ടോർബോട്ടുകളും അടക്കം യാത്ര ആരംഭിച്ചു. 250 ഓളം ഹൗസ് ബോട്ടുകൾ, നശിക്കാരകൾ, മോട്ടോർ ബോട്ടുകൾ എന്നിവ അണിനിരന്നു. 2000 ലധികം സഞ്ചാരികളാണ് യാത്രയിൽ പങ്കെടുത്തത്. റാലി ക്രിക്കറ്റ് താരം കേദാർ ജാദവ് ഫ്ളാഗ് ഓഫ് ചെയ്തു. മൂന്നുമണിക്കൂർ നേരത്തെ സഞ്ചാരം കഴിഞ്ഞ് ഹൗസ്ബോട്ടുകൾ യാത്രികരെ തിരിച്ച് ഫിനിഷിംഗ് പോയിൻറിൽ ഇറക്കി.
രണ്ടായിരത്തിലധികം സഞ്ചാരികളെ അണിനിരത്തിയ റാലിക്ക് യൂണിവേഴ്സൽ റിക്കാർഡ്സിൻറെ അംഗീകാരം ലഭിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹാപ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് ടൂറിസം മേഖലയെയാണെന്ന് ടൂറിസം മന്ത്രി പറഞ്ഞു. വിദേശികളെ കൂടാതെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞിരുന്നു. നിപ്പയും ഓഖിയും പ്രളയവുമെല്ലാം ഇതിനു കാരണമായി.
ഇപ്പോൾ ടൂറിസം മേഖല സുസജ്ജമാണ്. ദേശീയ, സാർവദേശീയ രംഗത്ത് മാർക്കറ്റിംഗ് ശക്തിപ്പെടുത്തും. അതിനുള്ള പ്രവർത്തനങ്ങൾ ഉൗർജിതമായി നടക്കുന്നു. ആഭ്യന്തര വിദേശ ടൂറിസ്റ്റുകൾക്ക് ഏതു സമയത്തും കേരളത്തിലെ ടൂറിസം മേഖല പ്രാപ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കളക്ടർ എസ്. സുഹാസ്, ഡിവൈഎസ്പി പി.വി. ബേബി, ഡിടിപിസി സെക്രട്ടറി, ഹൗസ് ബോട്ട് സംഘടന പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹൗസ്ബോട്ടുകളിൽ ചവിട്ടുനാടകം അടക്കം വിവിധ കലാപരിപാടികളും സജ്ജമായിരുന്നു. സൗജന്യമായി ഭക്ഷണവും നല്കിയാണ് ഇന്നലെ ഹൗസ്ബോട്ടുകൾ അതിഥികളെ സത്കരിച്ചത്.
രാവിലെ എട്ടിന് ആലപ്പുഴ കടൽത്തീരത്തു നിന്ന് ഹൗസ്ബോട്ട് ടെർമിനലിലേക്ക് ബാക്ക് ടൂ ബാക്ക് വാട്ടേഴ്സ് സന്ദേശം വഹിച്ചുള്ള ബൈക്ക് റാലി സംഘടിപ്പിച്ചു. റാലി ജില്ലാ കളക്ടർ എസ്. സുഹാസ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയുടെ പ്രളയ അതിജീവന കഥ പറയുന്ന ന്ധഅതിജീവനത്തിൻറെ നാൾവഴികൾ ന്ധഫോട്ടോ പ്രദർശനം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു. ശാരീരിക അവശതകൾ നേരിടുന്ന സഞ്ചാരികൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.