ആലപ്പുഴ: മഴയുടേയും വെള്ളപ്പൊക്കത്തിന്േറയും രണ്ടുമാസം. ടൂറിസം മേഖല പാടെ തകർന്ന മാസങ്ങളായിരുന്നു കഴിഞ്ഞത്. ഏറ്റവും കൂടുതൽ ബുക്കിംഗുകൾ നടക്കേണ്ട ഓണക്കാലവും പുരവഞ്ചി മേഖലയ്ക്ക് കനത്ത തിരിച്ചടി നൽകി. നെഹ്റു ട്രോഫി വള്ളംകളിയുടെ ബുക്കിംഗുകൾ കൂടിയ സമയത്താണ് പ്രളയം ജില്ലയുടെ ടൂറിസം മേഖലയെ തകർത്തുകളഞ്ഞത്.
എന്നാൽ നീണ്ട ഇടവേളയ്ക്കു ശേഷം പഴയതിനേക്കാൾ കരുത്തോടെ ഉണർന്നെണീക്കുകയാണ് ടൂറിസം മേഖല. രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം ജില്ലയിൽ വീണ്ടും ടൂറിസ്റ്റുകളെത്തി തുടങ്ങി. തുർക്കിയിൽ നിന്നുള്ള പത്തംഗ വിദ്യാർഥി സംഘമാണ് ആലപ്പുഴ കാണാനെത്തിയിരിക്കുന്നത്. ഇതോടെ കുട്ടനാട്ടിലെ കായലോര മേഖലകളിൽ കെട്ടുവള്ളങ്ങളും നിരന്നുതുടങ്ങി.
ഏറെ നാളുകൾക്കു ശേഷം വിരുന്നെത്തിയ അതിഥികളെ ടൂറിസം ഡെപ്യുട്ടി കളക്ടർ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ടൂറിസം ഉദ്യോഗസ്ഥരും സ്വീകരണത്തിൽ പങ്കാളികളായി. അപ്രതീക്ഷിതമായി വലിയ സ്വീകരണം കണ്ട വിദ്യാർഥി സംഘത്തിനും ഇതു പുത്തൻ അനുഭവമായി.
പ്രളയത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനു പിടിച്ചെടുത്തിരുന്ന 400 പുരവഞ്ചികളാണ് ഉടമകൾക്കു തിരിച്ചു നൽകിയത്. കുട്ടനാട്ടിലെ ഉൾപ്രദേശങ്ങൾ പോലും മനഃപാഠമായിരുന്ന പുരവഞ്ചി ജീവനക്കാരുടെ സേവനത്തെ തുടർന്നു നിരവധി ജീവനുകൾ രക്ഷിക്കാനായെന്ന് ഡിടിപിസി സെക്രട്ടറി എം. മാലിൻ പറഞ്ഞു.
ശിക്കാര വള്ളങ്ങളും മോട്ടോർ വള്ളങ്ങളും പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നു. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ പുളിങ്കുന്ന് പ്രദേശത്തുനിന്നും 28 ദിവസം പ്രായമായ കുഞ്ഞിനെ ഡിടിപിസി ജീവനക്കാർ രക്ഷപ്പെടുത്തിയിരുന്നു. സെപ്റ്റംബർ ഒന്നുമുതൽ പഴയ പോലെതന്നെ മുഴുവൻ സമയ പ്രവർത്തനങ്ങളിലേക്ക് ടൂറിസം മേഖല മാറുമെന്നും സെക്രട്ടറി പറഞ്ഞു. ബുക്കിംഗും പുനരാരംഭിച്ചിട്ടുണ്ട്.