കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് എന്നറിയപ്പെടുന്ന മങ്ങാട് സ്വദേശി ജോസ് (51) പിടിയിൽ. വാഹന മോഷണം ആസൂത്രണം ചെയ്യുന്നതിനിടയിൽ മനയിൽകുളങ്ങര ഭാഗത്തുള്ള ഒരു വീട്ടിൽനിന്നാണ് വെസ്റ്റ് പോലീസ് ജോസിനെ പിടികൂടിയത്. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
ആലപ്പുഴ, ഇടുക്കി,കൊല്ലം, തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിൽ നിരവധി കേസുകളാണ് മൊട്ടജോസിനെതിരെ ഉണ്ടായിരുന്നത്. പല കേസുകളിലും പിടിക്കപ്പെടുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷമായി വണ്ടാനം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം മങ്ങാട്ടെ സ്കൂളിൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.
മനയിൽ കുളങ്ങരയിലുള്ള ഒരു പ്രവാസിയുടെ വീട്ടിൽനിന്ന് സ്വർണം, ഡയമണ്ട് , പണം ഉൾപ്പടെയുള്ളവ മോഷ്ടിച്ച കേസിലും തങ്കശേരിയിലുള്ള ഒരു വീട്ടിൽനിന്ന് പണവും സ്വർണവും മോഷ്ടിച്ചകേസിലുമാണ് അറസ്റ്റിലായത്.
ആൾ താമസമില്ലാത്ത വീടുകളാണ് പലപ്പോഴും ഇയാൾ മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. വീടും പരിസരവും നിരീക്ഷിച്ച് ഉറപ്പുവരുത്തിയാണ് മോഷണം.
മോഷണത്തിന് കയറുന്ന വീട്ടിൽ വിശ്രമിക്കുന്നത് ഇയാളുടെ പതിവാണ്. വീട്ടിൽ മുട്ടയുണ്ടെങ്കിൽ പൊരിച്ചു കഴിക്കും. ഭക്ഷണസാധനങ്ങൾ കഴിച്ച് ഉറങ്ങിയശേഷമെ ഇയാൾ മോഷണമുതലുമായി കടക്കാറുള്ളു.
വിരോധമുള്ള വീടുകളിലാണ് മോഷണമെങ്കിൽ മലമൂത്രവിസർജനം നടത്തുന്നതും ഇയാളുടെ പതിവാണ്. വീടിന് മുൻവശത്തെ കതകിന് തീയിട്ടുള്ള മോഷണരീതിയും ഇയാൾക്കുണ്ടായിരുന്നു.
അടുത്തിടെ ഇത് മാറ്റി വീടിന്റെ കതക് പൊളിച്ചു അകത്തുകടക്കുന്ന രീതിയായി. കൊല്ലം വെസ്റ്റ് സിഐഷെഫീക്, എസ്ഐ അനീഷ് ഉൾപ്പടെയുള്ളവരുടെ സംഘമാണ് ജോസിനെ വലയിലാക്കിയത്.