തിരുവനന്തപുരം: കെട്ടിട നിർമാണ അപേക്ഷാഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ വരുത്തിയ വർധന ഇന്നു മുതൽ സംസ്ഥാനത്തു നിലവിൽ വരുന്നതോടെ വീടു നിർമാണത്തിനു ചെലവു കൂടും.
അപേക്ഷാ ഫീസ് 30 രൂപയിൽ നിന്നും 300 രൂപയാക്കിയിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തിൽ 1000-5000 രൂപയും കൂട്ടിയിട്ടുണ്ട്.
പെർമിറ്റ് ഫീസ് പഞ്ചായത്തുകളിൽ ചെറിയ വീടുകൾക്ക് 525 രൂപയിൽ നിന്ന് 7500 രൂപയായും വലിയ വീടുകൾക്ക് 1750 രൂപയിൽ നിന്ന് 25,000 രൂപയായും കൂട്ടി.
നഗരമേഖലയിൽ ചെറിയ വീടുകൾക്ക് 750 രൂപയിൽ നിന്ന് 15, 000 രൂപയായും വലിയ വീടുകൾക്ക് 2500 രൂപയിൽ നിന്ന് 37,500 രൂപയായും കൂട്ടി.
കെട്ടിട നിർമാണ ഫീസ് നടക്കുന്നതു ദുഷ്പ്രചാരണമെന്നു മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്തു കെട്ടിടനിര്‍മാണ ഫീസ് പുതുക്കിയതിനെതിരേ സംഘടിതമായ ദുഷ്പ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ച് മന്ത്രി എം.ബി രാജേഷ്.
80 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്മാമാണത്തിന് ഒരു പൈസ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്ന കാര്യം ദുഷ്പ്രചാരണം നടത്തുന്നവര്‍ മറച്ചുവയ്ക്കുകയാണെന്നു മന്ത്രി പറഞ്ഞു.
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാര്യത്തില്‍ ജനോപകാരപ്രദമായ വലിയൊരു മാറ്റമാണു നിലവിൽ വന്നത്. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും അപേക്ഷിച്ച ദിവസം തന്നെ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കു നിർമാണ പെര്‍മിറ്റ് ലഭിക്കുന്നു എന്നതാണ് ആ മാറ്റം.
പെര്‍മിറ്റ് ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്ന സ്ഥിതിയും അതുകൊണ്ടുണ്ടാകുന്ന നഷ്ടവും ഇതിന്റെ ഫലമായി അപേക്ഷകര്‍ക്ക് ഇല്ലാതായി.
ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് അപേക്ഷയെങ്കില്‍ ഓണ്‍ലൈനായി അപേക്ഷിച്ച് ഒരു മണിക്കൂറിനകം പെര്‍മിറ്റ് കിട്ടും.പെര്‍മിറ്റ് ഫീസ് കാലാനുസൃതമായി പുതുക്കി എന്നത് ശരിയാണ്.
പെര്‍മിറ്റ് ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിരുന്ന സ്ഥിതിയാണ് ഒഴിവാക്കിയത്. കാലതാമസവും കൈക്കൂലി ഇടപാടുകളും അവസാനിപ്പിക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.
മെയ് ഒന്നുമുതല്‍ ഗ്രാമപഞ്ചായത്തുകളിലും ഈ സംവിധാനം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ വരുമാനം കൂട്ടാന്‍ ജനങ്ങളെ കൊള്ളയടിക്കുന്നു എന്നു തുടങ്ങിയ പ്രചരണങ്ങള്‍ അവാസ്തവവും മര്യാദയില്ലാത്തതുമാണ്.
പെര്‍മിറ്റ് ഫീസില്‍നിന്ന് ഒരു പൈസ പോലും സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്നില്ല എന്ന് അറിയാതെയല്ല ഈ പ്രചാരണങ്ങള്‍. കുടിലമായ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.