കോതമംഗലം: വിധവയായ വീട്ടമ്മയ്ക്കും രണ്ടു പെണ്മക്കൾക്കും കെട്ടുറപ്പുള്ള വീടൊരുക്കി എന്റെ നാട് ജനകീയ കൂട്ടായ്മ സാമൂഹ്യ പ്രവർത്തന രംഗത്ത് മാതൃകയാകുന്നു. കോതമംഗലം വെണ്ടുവഴി ഇലഞ്ഞിക്കൽ വാഴയിൽ ഉഷയ്ക്കും മക്കൾക്കുമാണ് എന്റെ നാട് വീട് നിർമിച്ചു നൽകുന്നത്.
വീടിന്റെ താക്കോൽദാനം 23 ന് രാവിലെ 11ന് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിക്കും. രണ്ടു വർഷം മുന്പാണ് രോഗിയായ ഉഷയുടെ ഭർത്താവ് മരണപ്പെട്ടത്. ഇതോടെ ഈ കുടുംബത്തിന്റെ ജീവിതം വഴിമുട്ടുകയായിരുന്നു. ഉഷയുടെ തുച്ഛമായ വരുമാനം കുടുംബത്തിന്റെ നിത്യവൃത്തിക്ക് പോലും പര്യാപ്തമല്ലായിരുന്നു.
കെട്ടുറപ്പുള്ള വീട് കുടുംബത്തിന്റെ സ്വപ്നം മാത്രമായിരുന്ന സാഹചര്യത്തിലാണ് എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ഇടപെടൽ ഇവർക്കു തുണയാകുന്നത്. എന്റെ നാട് കൂട്ടായ്മ കോതമംഗലം മേഖലയിൽ നിരാലംബരായ സ്ത്രീകൾ മാത്രമുള്ള കുടുംബങ്ങൾക്കാണ് വീട് നിർമിച്ച് നൽകുന്നത്. ഈ വർഷം തന്നെ പത്ത് വീടുകൾ നിർമിച്ച് നൽകുമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം അറിയിച്ചു.