ചെങ്ങന്നൂർ: കൊഴുവല്ലൂർ കോടുകുളഞ്ഞി കരോട് കൃഷ്ണാലയത്തിൽ മധുവിന്റെ വീട് ഇന്നലെ വൈകുന്നേരം അഗ്നിക്കിരയാക്കി. ഇതുമായി ബന്ധപ്പെട്ട് അയൽവാസിയായ കൊഴുവല്ലൂർ കോടുകുളഞ്ഞി കരോട് പൂമൂട്ടിൽ കിഴക്കേതിൽ സന്തോഷി(44)നെ വെണ്മണി പോലീസ് കസ്റ്റഡിയിൽ എടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മധുവിന്റെ വീട് വാസയോഗ്യമല്ലാതെ തകർന്നതിനെ തുടർന്ന് സർക്കാർ പുതിയ ഒരു വീടിന് അനുവദിച്ചിരുന്നു. ഈ വീടിന്റെ നിർമാണം പൂർത്തിയായി അടുത്ത ദിവസം ഗൃഹപ്രവേശം നടത്താനിരിക്കുന്ന വേളയിലായിരുന്നു അത്യാഹിതം .വെറും താല്കാലിക ഷെഡ് വച്ച് അതിലായിരുന്നു മധുവും കുടുംബവും താമസിച്ചിരുന്നത്.
ഇന്നലെ വൈകുന്നേരം മദ്യപിച്ചെത്തിയ സന്തോഷ് ഇയാളുമായി വാക്കു തർക്കത്തിലേർപ്പെടുകയും മധുവിനെ മർദിക്കുകയും, തുടർന്ന് ഇയാളുടെ താല്ക്കാലിക ഷെഡിന് തീവയ്ക്കുകയുമായിരുന്നു. ഇവിടെ ഉണ്ടായിരുന്ന സ്ഥാവരജംഗമ വസ്തുക്കൾ മുഴുവൻ കത്തി നശിച്ചു.