മാവേലിക്കര: പട്ടാപ്പകൽ വീട്ടിൽ ആളില്ലാതിരുന്ന സമയം ഇരുനില വീടിന്റെ ഒരുമുറിക്ക് തീപിടിച്ചു. ഇന്നലെ വൈകിട്ട് ആറിനാണ് മാവേലിക്കര നഗരസഭ 17-ാം വാർഡിൽ പോനകം ഹരിഹരം വീട്ടിൽ തീപിടിത്തമുണ്ടായത്.
വീട്ടുടമ ജയപ്രകാശ്, ഭാര്യ ഹേമലത, മരുമകൾ ഗായത്രി എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവർ പുറത്തുപോയ സമയത്താണ് തീപിടിത്തമുണ്ടായത്.സമീപവാസികളാണ് വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ടത്.
ഇവർ അറിയിച്ചതനുസരിച്ച് ഉടമസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. കിടപ്പു മുറിയിലെ അലമാരയ്ക്കാണ് തീപിടിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നു.
മാവേലിക്കര സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, തീപിടിച്ച മുറിയുടെ മുകളിലത്തെ നിലയിലുളള മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടിട്ടില്ല.
സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ഇന്ന് ശാസ്ത്രീയ സംഘം പരിശോധന നടത്തിയശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുവെന്നും സിഐ അറിയിച്ചു. ജയപ്രകാശിന്റെ രണ്ട് ആൺമക്കൾ വിദേശത്താണ്.