പേരാമ്പ്ര: സഹപാഠികൾക്കായി വീട് നിര്‍മിച്ച് പടത്തുകടവ് ഹോളി ഫാമിലി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍. ഹോളി ഫാമിലി ഹയര്‍സെക്കൻഡറിയും യുപി വിഭാഗവും ഒരുമിച്ചാണ് സ്വപ്നപദ്ധതി സാക്ഷാത് കരിച്ചത്. പ്ലസ്ടുവിലും പത്തിലും എട്ടിലും പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥികള്‍ അടങ്ങുന്ന കുടുംബത്തിനാണ് ചങ്ങരോത്ത് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെട്ട പടത്തുകടവില്‍ വീട് നിര്‍മ്മിച്ചത്.
ഷീറ്റുകൊണ്ടുള്ള ചെറിയ ഷെഡിലായിരുന്നു കുടുംബത്തിന്റെ താമസം. സ്വന്തം പേരില്‍ ഭൂമിയില്ലാത്തതിനാല്‍ വീടിനുള്ള സര്‍ക്കാര്‍ ആനുകൂല്യം ഇവർക്കു ലഭിച്ചില്ല.പുതിയ വീടിന് ആറര ലക്ഷത്തോളം രൂപ ചെലവായി. ഈ വര്‍ഷം ജനുവരിയിലാണ് നിര്‍മാണം ആരംഭിച്ചത്. മുന്‍ പ്രധാനാധ്യാപകന് തോമസ് മണ്ണാറത്ത് കണ്‍വീനറും പി.ടി. സുരേന്ദ്രന് ചെയര്‍മാനുമായ കമ്മിറ്റിയും പിടിഎയും പ്രധാനാധ്യാപകന് ജേക്കബ് കോച്ചേരിയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുണ്ടായിരുന്നു. അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍,
പൂര്‍വ്വ അധ്യാപകര്‍ എന്നിവരെല്ലാം സഹായം നല്കി. സാധനങ്ങള്‍ നല്കി വ്യാപാരികളും സേവനമായി തൊഴില്‍ ചെയ്യാനെത്തി നാട്ടുകാരും ഒപ്പം ചേര്‍ന്നു. നാളെ ഉച്ച കഴിഞ്ഞ് ഒന്നിന് മന്ത്രി ടി.പി. രാമകൃഷ്ണന് വീടിന്റെ താക്കോല്‍ കൈമാറും. താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍ ജോണ്‍ ഒറവുങ്കര വെഞ്ചരിപ്പ് നിര്‍വഹിക്കും.