മുക്കം: ഈ വീടിന്റെ അവസ്ഥ കണ്ടില്ലേ നിങ്ങൾ, എപ്പഴാ ഇത് തലയിൽ വീഴാ എന്നറിയില്ല. ഇത് പുതുക്കി പണിയാൻ വല്ല സഹായവും കിട്ടുമോ? ‘അമ്പതുകാരിയും വിധവയുമായ കദീജയുടേയും ’ അവിവാഹിതയായ മകൾ സലീനയുടേയും ചോദ്യമാണിത്. വീട് നിർമാണത്തിന് ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയതായി അധികാരികൾ മേനി നടിക്കുന്ന നാട്ടിലാണ് ഈ അമ്മയും, മകളും ജീർണിച്ച് വിഴാറായ വീടിനുള്ളിൽ ജിവൻ പണയം വച്ച് കഴിയുന്നത്.
കാരശ്ശേരി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ പെട്ട പാഴൂർ തോട്ടത്തിന് സമീപം നെച്ചൂളി പൊയിൽ കോളനിയിലാണ് കദീജയും മകളും കഴിയുന്നത്. ആനയാംകുന്ന് മുക്കം കടവ് പാലം റോഡിനോട് ചേർന്നുള്ള ഈ വീടിന്റെ സ്ഥിതി ഏറെ പരിതാപകരമാണ്. പട്ടികയും കഴുക്കോലും ഉൾപ്പെടെ ചിതലരിച്ച് നശിച്ചിരിക്കുന്നു. വീടിന്റെ പല ഭാഗത്തും അധികമായി തിരുകി വച്ച തെങ്ങിന്റെയും, കമുകിന്റെയും കഷ്ണങ്ങളാണ് ഓടിനെ താങ്ങി നിർത്തുന്നത്.
വീടിന്റെ പിൻഭാഗം കഴിഞ്ഞ ദിവസം തകരുകയും ചെയ്തു. നിരവധി തവണ വീടിനായി ഗ്രാമപഞ്ചായത്തിനെ സമീപിച്ചങ്കിലും പരിഹാരം മാത്രം ഉണ്ടായില്ല. പലപ്പോഴും പൈസ പാസായതായി ബന്ധപ്പെട്ടവർ അറിയിച്ചിരുന്നെങ്കിലും ,വാങ്ങാൻ ചെല്ലുമ്പോൾ ,ഓരോരോ കാരണം പറഞ്ഞ് ഇവരെ തിരിച്ചയക്കുകയായിരുന്നു. ഒമ്പത് വർഷം മുമ്പാണ് ഇവരുടെ ഭർത്താവ് മരണപ്പെട്ടത്.
രണ്ട് പെൺമക്കളുള്ളതിൽ ഒന്നിനെ വിവാഹം ചെയ്തയച്ചു. കദീജ തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ആശ്രയം. നേരത്തെ മകൾ ആനയാം കുന്ന് നൻമ സ്റ്റോറിലെ ജീവനക്കാരിയായിരുന്നു എങ്കിലും 3 വർഷം മുമ്പ് അത് അടച്ച് പൂട്ടിയതോടെ ഈ വരുമാനവും നിലച്ചു. സ്വന്തമായി ഒരു വീടെന്നത് ഇവരുടെ സ്വപ്നമാണങ്കിലും സാമ്പത്തിക സ്ഥിതി മോശമായതിനാൽ അത് സ്വപ്നമായി തന്നെ അവശേഷിക്കുന്നു.
അതേ സമയം പൊളിഞ്ഞ് വീഴാറായ ഈ വീട്ടിൽ ഇനിയും കഴിയാനുള്ള ഭീതി കൊണ്ട് വീട് പൊളിച്ചുമാറ്റാനൊരുങ്ങുകയാണിവർ. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചുകെട്ടി ഒരു ഷെഡ് നിർമ്മിച്ച് അവിടെ താമസിക്കാനാണ് ഇവരുടെ തീരുമാനം. അധികൃതർ കനിഞ്ഞില്ലെങ്കിലും നാട്ടിലെ സുമനസുകൾ സഹായിക്കുമെന്ന പ്രത്യാശയിലാണവർ.