ആദായനികുതി നിയമത്തിലെ 24, 80 സി, 80 ഇഇ എന്നീ വകുപ്പുകളിലായി ഭവനവായ്പയ്ക്ക് വിവിധങ്ങളായ നികുതി ഇളവുകൾ നല്കുന്നുണ്ട്. ഭവനവായ്പ എടുക്കുന്പോൾതന്നെ അതുമൂലം ഉണ്ടാകുന്ന നികുതിനേട്ടങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ഭവനവായ്പ തിരിച്ചടയ്ക്കുന്പോഴാണ് കൂടുതൽ നേട്ടങ്ങൾ ലഭിക്കുന്നത്. തിരിച്ചടവിലെ മുതലിനും പലിശയ്ക്കും പ്രത്യേകം വകുപ്പുകളിലായി ആനുകൂല്യങ്ങളുണ്ട്.
തിരിച്ചടവിലെ മുതലിനു ലഭിക്കുന്ന ആനുകൂല്യം
80 സി വകുപ്പ് അനുസരിച്ച് ഭവനവായ്പയുടെ തിരിച്ചടയ്ക്കുന്ന മുതലിന് വർഷം ഒന്നര ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. 80 സി വകുപ്പിലാണ് നികുതിയിളവിനുള്ള വിവിധങ്ങളായ നിക്ഷേപങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈഫ് ഇൻഷുറൻസ് പ്രീമിയം, പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള അടവ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് മുതലായവയിലേക്കുള്ള നിക്ഷേപങ്ങൾ എല്ലാം ഉൾപ്പെടെ 1.5 ലക്ഷം രൂപ മാത്രമേ പരമാവധി ഈ വകുപ്പ് അനുസരിച്ച് വരുമാനത്തിൽ നിന്നും കിഴിവായി എടുക്കുവാൻ സാധിക്കുകയുള്ളൂ.
80 സി വകുപ്പിൽ ആദായനികുതി നിയമം അനുസരിച്ച് വരുമാനത്തിൽ നിന്നും ഇളവ് ലഭിക്കുന്നത് വായ്പ തിരിച്ചടയ്ക്കുന്ന വർഷത്തിലാണ്. കൂടാതെ വസ്തു വാങ്ങുന്പോൾ നല്കുന്ന സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും 80 സി വകുപ്പ് അനുസരിച്ച് കിഴിവിനർഹമാണ്. ഈ കിഴിവ് ലഭിക്കുന്നതിന് ഭവനവായ്പയുടെ ആവശ്യമില്ല. അംഗീകൃത ബാങ്കിൽ നിന്നും ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ഹൗസിംഗ് സൊസൈറ്റികളിൽ നിന്നും മറ്റും എടുത്തിട്ടുള്ള വായ്പയുടെ മുതലിന്റെ തിരിച്ചടവിനാണ് പ്രസ്തുത വകുപ്പ് അനുസരിച്ച് കിഴിവ് ലഭിക്കുന്നത്. ഭവനനിർമാണം പൂർത്തിയായശേഷം മാത്രമാണ് തിരിച്ചടവിന് ആനുകൂല്യം ലഭിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഭവനവായ്പ എടുത്ത് വീടു നിർമിച്ച് നികുതി ആനുകൂല്യം നേടിയ ശേഷം വീട് പെട്ടെന്ന് വില്ക്കാൻ പാടില്ല. നിർമാണം പൂർത്തിയാക്കിയതിനു ശേഷംചുരുങ്ങിയത് അഞ്ചു വർഷം ഈ വീട് സ്വന്തമായി തന്നെ സൂക്ഷിക്കണം. അഞ്ചു വർഷത്തിനു മുന്പ് വില്ക്കുകയാണെങ്കിൽ അതുവരെ ലഭിച്ച കിഴിവുകൾ തന്നാണ്ടിലെ വരുമാനമായി കണക്കാക്കി നികുതിക്കു വിധേയമാക്കും.
ഭവനവായ്പയുടെ പലിശയ്ക്കു ലഭിക്കുന്ന കിഴിവുകൾ
ആദായനികുതി നിയമം 24-ാം വകുപ്പിലും 80 ഇഇ വകുപ്പിലുമാണ് ഭവനവായ്പയുടെ പലിശയ്ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത്. 24-ാം വകുപ്പനുസരിച്ച് പലിശയ്ക്ക് രണ്ടു ലക്ഷം രൂപ വരുമാനത്തിൽനിന്നുള്ള കിഴിവായി അനുവദിക്കും. ഭവനം സ്വന്തം പാർപ്പിടാവശ്യത്തിന് ഉപയോഗിക്കുന്പോഴാണ് ഈ കിഴിവ് ലഭിക്കുന്നത്. ഭവനം വാടകയ്ക്കു നല്കുന്നതിനുവേണ്ടിയാണെങ്കിൽ രണ്ടു ലക്ഷം രൂപയുടെ ലിമിറ്റ് ബാധകമല്ല. പലിശയ്ക്ക് പരിധി സൂചിപ്പിച്ചിട്ടില്ല.
എന്നാൽ വാടകയ്ക്കു നല്കുന്നതിനുവേണ്ടി നിർമിക്കുന്ന ഭവനങ്ങൾക്ക് ഈ കാലാവധിയും പരിധിയും ബാധകമല്ല.
നിർമാണം പൂർത്തിയാക്കിയതിനുശേഷം മാത്രമാണ് പലിശയ്ക്കു കിഴിവ് ലഭിക്കുക എന്ന് സൂചിപ്പിക്കുന്നു. അപ്പോൾ നിർമാണസമയത്ത് ചെലവാകുന്ന പലിശയ്ക്കു തന്നാണ്ടിൽ കിഴിവ് ലഭിക്കില്ല. മറിച്ച് നിർമാണം പൂർത്തിയായിക്കഴിഞ്ഞ് ആകെ ചെലവായ പലിശ അഞ്ചു വർഷത്തേക്കായി ഭാഗിച്ച് അതിൽ ഒന്നു വീതം ഓരോ വർഷവും കിഴിവായി എടുക്കാവുന്നതാണ്.
1-4-2017 മുതൽ അതായത് സാന്പത്തികവർഷം 17-18 മുതൽ ഹൗസ് പ്രോപ്പർട്ടി ഇനത്തിൽ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ നഷ്ടം സംഭവിക്കുകയാണെങ്കിൽ തന്നാണ്ടിൽ രണ്ടു ലക്ഷം രൂപ മാത്രമേ മറ്റു വരുമാനങ്ങളുമായി സെറ്റോഫ് ചെയ്യുവാൻ സാധിക്കുകയുള്ളൂ. അതിൽ കൂടുതൽ വരുന്ന നഷ്ടം അടുത്ത എട്ടു വർഷത്തേക്ക് ക്യാരിഫോർവേഡ് ചെയ്തുകൊണ്ടുപോകുവാൻ സാധിക്കും.
80 ഇഇ അനുസരിച്ച് പലിശയ്ക്കു ലഭിക്കുന്ന കിഴിവ്
ഈ വകുപ്പനുസരിച്ച് 50,000 രൂപ വരെയുള്ള കിഴിവാണ് ലഭിക്കുന്നത്. ആദായനികുതി നിയമം 24-ാം വകുപ്പനുസരിച്ച് ലഭിക്കുന്ന രണ്ടു ലക്ഷം രൂപയുടെ കിഴിവിനും ഉപരിയാണ് ഇത്. ഈ കിഴിവ് ലഭിക്കണമെങ്കിൽ താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം. 1) വാങ്ങുന്ന വീടിന് 50 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം വില. 2) വായ്പ തുക 35 ലക്ഷം രൂപയിൽ കവിയരുത്. 3) വായ്പത്തുക 1-4-2016 നും 31-03-2017 നും ഇടയിൽ ആയിരിക്കണം പാസാക്കിയിരിക്കേണ്ടത്. 4) ലോണ് തിരിച്ചടവിന്റെ കാലാവധി തീരും വരെ ഈ ആനുകൂല്യം ലഭിക്കും. 5) 2016-17 സാന്പത്തികവർഷം മുതൽ ഇത് പ്രാബല്യത്തിൽ ഉണ്ട്.
ഭവനവായ്പയുടെ തിരിച്ചടവിനും പലിശയ്ക്കും കിഴിവ് ലഭിക്കണമെങ്കിൽ നിർമിക്കുന്ന വീടും എടുക്കുന്ന വായ്പയും സ്വന്തം പേരിൽ ആയിരിക്കണം. ഭൂമിയും വീടും കൂട്ടായിട്ടാണ് ഉടമസ്ഥാവകാശമെങ്കിലും ആനുകൂല്യം ലഭിക്കുന്നതാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഓരോ വ്യക്തിക്കും പരമാവധി ആനുകൂല്യം അവകാശപ്പെടാവുന്നതാണ്. വസ്തുവിന്മേലല്ല ആനുകൂല്യം ലഭിക്കുന്നത്, പകരം വ്യക്തികൾക്കാണ് കിഴിവ് ലഭ്യമാക്കുന്നത്.