മുക്കം: യുവ കൂട്ടായ്മയിൽ തല ചായ്ക്കാനൊരു വീടൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് മാമ്പറ്റ താഴക്കോടുമ്മൽ മനോജും കുടുംബവും. മാമ്പറ്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയും കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയഷൻ കോഴിക്കോട് റീജിയനും ചേർന്നാണ് വീട് നിർമിച്ചു നൽകുന്നത്. വീട് പണി ഏറ്റെടുത്ത് നടത്തുന്നത് 35 യുവാക്കൾ അംഗങ്ങളായുള്ള ആശ്രയ മാമ്പറ്റയാണ്. 600 അടി വിസ്തീർണമുള്ള വീട് നിർമിക്കാൻ ഏഴ് ലക്ഷം രൂപയിലധികം ചിലവുവരും.
ആശ്രയയിലെ അംഗങ്ങളുടെയും നാട്ടിലെ നിർമാണ തൊഴിലാളികളുടെയും സഹായ സഹകരണത്തോടെയാണ് വീട് നിർമാണത്തിന്റെ ഓരോ ഘട്ടവും പൂർത്തിയാക്കുന്നത്. ഫെബ്രുവരി മാസത്തോടെ വീട് നിർമാണം പൂർത്തിയാക്കി മനോജിന് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് കൺവീനർ രജിത് കുമാർ പറഞ്ഞു.
ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട മനോജിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്ന മനോജിന്റെയും കുടുംബത്തിന്റെയും അവസ്ഥയറിഞ്ഞ ആശ്രയ അംഗങ്ങൾ കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് അസോസിയേഷൻ അംഗങ്ങൾ മനോജിന്റെ വീട് സന്ദർശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയുമായിരുന്നു. ലോറി ഡ്രൈവറായിരുന്ന ു മനോജ്. ഭാര്യയുടെ വരുമാനം മാത്രമായി കുടുംബത്തിന്റെ ഏക ആശ്രയം.