പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട കടന്തറ പുഴയോരത്തെ ഒരേക്കർ സ്ഥലത്ത് പാവപ്പെട്ട 14 പേർക്കു വീടെന്ന സ്വപ്നം പൂവണിഞ്ഞു തുടങ്ങി. കല്ലാനോട്ടെ ഡോ. വി.കെ. മനോജിന്റെയും ഭാര്യ ജയശ്രീ ടീച്ചറുടെയും മക്കളുടെയും കരുണയുടെയും സ്നേഹത്തിന്റെയും പ്രതീകമാണിത്. ഈ കുടുംബത്തിന്റെ സ്വത്തായിരുന്നു ഈ സ്ഥലം.
ഇവരുടെ ഉദ്യമത്തെക്കുറിച്ചു രാഷ്്ട്രദീപിക റിപ്പോർട്ട് നൽകിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പെരുവണ്ണാമൂഴിയിൽ നടന്ന ചടങ്ങിൽ 14 കുടുംബങ്ങൾക്കു മന്ത്രി ടി.പി. രാമകൃഷ്ണൻ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ കൈമാറി.സ്ഥലം മാത്രമല്ല ഇവിടെ വീടു പണിതു കൊടുക്കാനും ഈ മാതൃകാ ദമ്പതികൾ സന്നദ്ധരായി. സ്നേഹിതരുടെയും ബന്ധുക്കളുടെയും സഹായം ഇതിനായി അവർ തേടിക്കൊണ്ടിരിക്കുന്നു. ഒട്ടേറെപ്പേർ സഹകരണവും സഹായവും നൽകുന്നുണ്ട്.
അങ്ങനെ ഒൻപതു വീടുകളുടെ പണി തുടങ്ങി. ചിലത് ഭിത്തി വരെയായി. തറ കെട്ടിയതും വാനം മാന്തിയിട്ടിരിക്കുന്നതും കൂട്ടത്തിലുണ്ട്. പണത്തിന്റെ ലഭ്യതയനുസരിച്ച് പണികൾ നടന്നു കൊണ്ടിരിക്കുന്നു. അഞ്ചു വീടുകളുടെ പണി കൂടി ഇനി തുടങ്ങാനുണ്ട്. ഇനിയും പണം വേണം. ഇതിന്റെ ഓട്ടത്തിലാണു ഈ കുടുംബവും സഹായികളും. ഒരേ മാതൃകയിലാണു വീടുകളെല്ലാം നിർമിക്കുന്നത്.
ആറു ലക്ഷത്തി അൻപത്തിതിമൂന്നായിരം രൂപയാണ് ഒരു വീടിന്റെ നിർമാണച്ചെലവ്. രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, ടോയ്ലെറ്റ് സൗകര്യങ്ങളുണ്ട്. കോൺക്രീറ്റ് മേൽക്കൂരയാണ്. വീടുകളുടെ വൈദ്യുതികരണവും നടത്തും. തിരുവനന്തപുരം ശങ്കർ ആർക്കിടെക്ടാണു നിർമാണം നടത്തുന്നത്. ഡോ. മനോജിന്റെ അമ്മയുടെ പിതാവും പശുക്കടവിലെ പഴയകാല സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ഇല്ലിക്കൽ കുഞ്ഞൗസേപ്പിന്റെ സ്മാരകമായാണു പദ്ധതിയെ അവർ നോക്കി കാണുന്നത്.
എല്ലാത്തിനും നേതൃത്വം നൽകുന്നത് ഡോ. മനോജിന്റെ ഉറ്റ സുഹൃത്തും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗവുമായ ജയേഷ് മുതുകാടാണ്. അദ്ദേഹം കൺവീനറും ജയശ്രീ ടീച്ചർ ചെയർപേഴ്സണും ഡോ. മനോജ് രക്ഷാധികാരിയുമായി ഇല്ലിക്കൽ കുഞ്ഞൗസേപ്പ് ഹൗസിംഗ് കോളനി ഭവന നിർമാണ കമ്മിറ്റി രൂപീകരിച്ചു കൂരാച്ചുണ്ട് ഫെഡറൽ ബാങ്കിൽ 1076 0200 183 298 നമ്പർ അക്കൗണ്ട് തുറന്നിട്ടുണ്ട്.
(ഐഎഫ്എസ്സി കോഡ്: എഫ്ഡിആർഎൽ 000107 )ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ അടിസ്ഥാനത്തിലാണു പ്രവർത്തനങ്ങൾ നടത്തുന്നതെന്നു ജയേഷ് മുതുകാട് അറിയിച്ചു. ഫോൺ: 9656291508.