പിറവം: സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ എൻസിസി കേഡറ്റുകൾ ഇത്തവണ ഓണാഘോഷ പരിപാടികൾ മാറ്റിവച്ച് പൂർവ വിദ്യാർഥിയുടെ വീട് നിർമാണം പൂർത്തിയാക്കാനെത്തി. കക്കാട് കുരിക്കാട്ടുമലയിൽ അനു വർഗീസിന്റെ വീടിന്റെ വാർക്ക ജോലികൾക്കായി കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പങ്കുചേർന്നിരുന്നു.
ഏഴു വർഷം മുന്പ് സർക്കാർ പദ്ധതിയിലൂടെ വീട് നിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയിരുന്നില്ല. ഭിത്തി മാത്രമാണ് നിർമിച്ചിരുന്നത്. സമീപത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി നിർമിച്ച കുടിലിനുള്ളിലാണ് കുടുംബാംഗങ്ങൾ കഴിഞ്ഞിരുന്നത്.
ഇവരുടെ ദുരവസ്ഥ മനസിലാക്കിയ എൻസിസി കേഡറ്റുകൾ മുന്നിട്ടിറങ്ങുകയായിരുന്നു. 800 സ്ക്വയർഫീറ്റുള്ള വീടിന്റെ വാർക്ക പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനുവേണ്ട ധനസഹായവും വിദ്യാർഥികൾ നൽകി. ഓണാഘാഷങ്ങൾക്കായി സ്വരുക്കൂട്ടിവച്ച പണമാണ് ഇതിനായി കുട്ടികൾ ചിലവഴിച്ചത്. വീട് നിർമാണത്തിനായി പ്രധാനാധ്യാപകൻ ഡാനിയേൽ തോമസ്, എൻസിസി ഓഫീസർ പി.പി. ബാബു എന്നിവർ നേതൃത്വം നൽകി.