കാസർഗോഡ്: അനുമതി വാങ്ങാതെ അനധികൃതമായി നിര്‍മാണം നടത്തിയ വീട് വിജിലന്‍സ് സംഘം പരിശോധിച്ച് നടപടിയെടുത്തു.
തെക്കുംപുറം കുഞ്ഞിഅഹമ്മദിന്റെ പേരില്‍ പള്ളിക്കര പഞ്ചായത്ത് ഓഫീസിന് സമീപം പഞ്ചായത്ത് നിര്‍മാണ ചട്ടങ്ങളും തീരദേശ പരിപാലന നിയമങ്ങളും പാലിക്കാതെയും അനുമതി വാങ്ങാതെയുമാണ് നിര്‍മാണം നടന്നുകൊണ്ടിരുന്നത്.
രണ്ടു നില നിര്‍മാണത്തിന് പഞ്ചായത്ത് 2017ല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് രണ്ടുനില കൂടി അധികം പണിതത് അനുമതിയില്ലാതെയാണ്.
ഇതിന് പുറമേ നാലാം നിലയില്‍ ഹെലിപാഡും നിര്‍മിച്ചിരുന്നു. ഈ നിര്‍മാണം ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് അധികൃതര്‍ അധിക നിര്‍മാണങ്ങള്‍ പൊളിച്ച് മാറ്റുന്നതിന് നോട്ടീസ് നല്‍കിയിരുന്നു.
നോട്ടീസ് സ്വീകരിച്ചിട്ടും വീട്ടുടമസ്ഥന് നിര്‍മാണം തുടരുകയായിരുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായിരുന്നില്ല.
ഇന്നലെ വിജിലന്‍സ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍ത്തിവയ്പിച്ചു.
വീടിന്റെ മുന്‍വശം പൊതുമരാമത്ത് സ്ഥലവും കൈയേറി ഇന്റര്‍ലോക്ക് പാകിയതായും ചെങ്കല്ല് കെട്ടിവച്ചതായും വിജിലന്‍സ് കണ്ടെത്തി.
പരിശോധന സംഘത്തില്‍ അസി. ടൗണ്‍ പ്ലാനര്‍ ടി.വി.ബൈജു, അസി.സബ് ഇന്‍സ്പെക്ടര്‍മാരായ വി.എം.മധുസൂദനന്, വി.ടി.സുഭാഷ് ചന്ദ്രന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.കെ.രഞ്ജിത്കുമാര്‍, എ.വി.രതീഷ് എന്നിവരുമുണ്ടായിരുന്നു.