കോട്ടയം: കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ നാളേയ്ക്കകം തീർപ്പാക്കി റിപ്പോർട്ട് നല്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സെക്രട്ടറിമാർക്ക് നിർദേശം നല്കി. കെട്ടിട നിർമാണ അനുമതി, കെട്ടിട നന്പർ, ഒക്യുപെൻസി, കെട്ടിട നിർമാണ ക്രമവത്കരണം തുടങ്ങിയ അപേക്ഷകളുടെ കാര്യത്തിലാണ് അടിയന്തര തീരുമാനമെടുക്കാൻ നിർദേശം. ഇനിയും തീർപ്പാക്കാത്ത അപേക്ഷകൾക്കായി 26, 29 തീയതികളിൽ ജില്ലാതല അദാലത്ത് നടത്തും.
അദാലത്തുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്്ടറുടെ ഓഫീസിൽ നേരിട്ടും പരാതി നൽകാം. ഉടമസ്ഥാവകാശം സംബന്ധിച്ചും റവന്യു രേഖയിൽ നിലം, നഞ്ച, തണ്ണീർത്തടം എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടു ളളതും,
കേരള നെൽവയൽ തണ്ണീർത്തട നിയമം, തീരദേശ സംരക്ഷണ നിയമം എന്നിവയുടെ ലംഘനം മൂലം പരിഹരിക്കപ്പെടാതെയുമുളള അപേക്ഷകൾക്കാണ് തീർപ്പുണ്ടാക്കുന്നത്. പഞ്ചായത്തുതലത്തിൽ അദാലത്തുകൾ പൂർത്തിയായി.