കുന്നിക്കോട് : കെട്ടിടനമ്പര്‍ നല്‍കിയില്ല; രണ്ട് പ്രവാസികുടുംബങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപം ഷാജി മന്‍സിലില്‍ ഷാജഹാന്,വയലുവിളക്കടയില് നാസറുദീന്‍ എന്നിവരുടെ കുടുംബാങ്ങളാണ് വിളക്കുടി പഞ്ചായത്തധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയത്.
അധികൃതരുടെ നിലപാടിനെതിരെ പ്ലക്കാര്‍ഡുകളുമേന്തി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഇന്നലെ പത്തോടെയാണ് ധര്‍ണ ആരംഭിച്ചത്. നാല് വര്‍ഷമായി വീട്ടുനമ്പരിനായി പ്രവാസി കുടുംബങ്ങള്‍ പഞ്ചായത്ത് കയറിയിറങ്ങുന്നു. ജപ്തി ഭീഷണിയിലായ കുടുംബം ആത്മഹത്യയുടെ വക്കിലാണ്. 2015 മുതല്‍ വീട്ടുനമ്പരിനായി വിളക്കുടി പഞ്ചായത്തിനെ സമീപിക്കുന്നത്.
വർക്ക്ഷോപ്പിന് ലൈസൻസ് നൽകാതെ പ്രവാസി സുഗതനെ ആത്മഹത്യയിലേക്ക് നയിച്ച വിവാദ ഗ്രാമപഞ്ചായത്തായ വിളക്കുടിയിലാണ് അയൽവാസികളായ രണ്ട് പ്രവാസികളുടെ വീടുകൾക്ക് വീട്ടുനമ്പർ നിഷേധിച്ചത്. 2009 ൽ പഞ്ചായത്തില്‍ നിന്നും പെർമിറ്റ് നേടി തുടങ്ങിയ ഷാജഹാന്റെ വീട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തികരിച്ചില്ല. തുടർന്ന് 2012ൽ വീണ്ടും പഞ്ചായത്ത് പെർമിറ്റ് പുതുക്കി നൽകി.
2015ൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങള്‍ക്ക് ആവശ്യമായ രേഖകളെല്ലാം സമർപ്പിച്ചിട്ടും വീട്ടുനമ്പർ നൽകാന് പഞ്ചായത്ത് തയ്യാറാകുന്നില്ല എന്നതാണ് സത്യാവസ്ഥ.23 വർഷമായി വിദേശത്ത് ജോലി ചെയ്ത സമ്പാദ്യവും ബാങ്ക് ലോണും ഉപയോഗിച്ചാണ് ആവണീശ്വരത്തെ ഇഷ്ടികച്ചൂളയ്ക്ക് സമീപത്തെ ആറു സെന്റിൽ ഷാജഹാന് വീടു വച്ചത്.
വീട്ടു നമ്പരിനായുള്ള ശ്രമത്തിനിടെ വിദേശ ജോലിയും നഷ്ടമായി. ലോൺ അടയ്ക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം വീട്ടിൽ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു. കെട്ടിടം വിറ്റ് കടം തീർക്കാനുള്ള ശ്രമം നമ്പർ ലഭിക്കാത്തതിനാല്‍ സാധ്യമായില്ല. വീട്ടുനമ്പര്‍ ഇല്ലാത്തതിനാല്‍ കുടുംബത്തിന് റേഷൻ കാർഡോ,വിദ്യാഭ്യാസ വായ്പയോ ലഭിച്ചിട്ടില്ലെന്ന് ഷാജഹാൻ പറയുന്നു.
ഗാർഹിക ഉപഭോക്താവെന്ന പരിഗണന ഇല്ലാത്തതിനാൽ ആറായിരം വരെയാണ് വൈദ്യുതി ബിൽ. വയൽ നികത്തിയ ഭൂമിയിൽ വീടുവെച്ചതിനാലാണ് നമ്പർ നൽകാത്തതെന്നാണ് പഞ്ചായത്ത് പക്ഷം. നിർമാണത്തിന് മുന്‍പ് തന്നെ വീട്ടുനമ്പരിലെ പ്രശ്നം ചൂണ്ടികാട്ടിയിരുന്നെങ്കില് ഈ സ്ഥലത്ത് വീട് വയ്ക്കില്ലായിരുന്നുവെന്ന് ഷാജഹാന് നിറകണ്ണുകളോടെ പറയുന്നു.
ഇഷ്ടികച്ചൂളയ്ക്ക് ചെളിയെടുത്ത സ്ഥലത്ത് പെർമിറ്റ് നേടിയാണ് സമീപവാസിയായ നാസറുദീനും വീട് നിർമാണം തുടങ്ങിയത്.വീട്ടുനമ്പർ ലഭിക്കാതെ വന്നതോടെ ഇരു പ്രവാസി കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലാണ്.ഇതിനിടെ ഇരുകുടുംബങ്ങളും ഒാംബുഡ്മാനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ആത്മഹത്യ ചെയ്ത സുഗതന്റെ മക്കൾക്ക് വർക്ക് ഷോപ്പ് തുറക്കാൻ അനുവദിച്ചെങ്കിലും ഇനിയും ലൈസൻസ് ലഭ്യമാക്കിയിട്ടില്ല. ഉച്ചയ്ക്ക് ഒന്നോടെ പഞ്ചായത്ത് പ്രസിഡന്റ് സി. വിജയനെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. കര്‍ഷകരുടെ കൂട്ടായ്മയായ പാടശേഖരസമിതി വീടുനില്‍ക്കുന്ന സ്ഥലം കൃഷിക്കനുയോജ്യമല്ലെന്ന് കാട്ടി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് സ്ഥലം ഡേറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിന് സെക്രട്ടറി ഗസറ്റില്‍ പരസ്യം നല്‍കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിജ്ഞാപനം വരുന്ന മുറയ്ക്ക് വീടുകള്‍ക്ക് കെട്ടിട നമ്പര്‍ അനുവദിക്കുമെന്നും പ്രസിഡന്റ് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.