
കോവിഡ് ഭേദമായി വീട്ടില് മടങ്ങിയെത്തിയ യുവതിയോട് വാടക വീടൊഴിയാന് ആവശ്യപ്പെട്ട് വീട്ടുടമ. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം.
ശ്രീകാളഹസ്തിയിലെ റവന്യൂ വകുപ്പ് ജീവനക്കാരിക്കാണ് ദുരനുഭവമുണ്ടായത്.
വൈറസ് പകരാനിടയുണ്ടെന്ന ഭയം കാരണമാണ് വീട്ടുടമ മാറിത്താമസിക്കാന് ആവശ്യപ്പെട്ടത്.
ചികിത്സയ്ക്ക് ശേഷം വീട്ടില് മടങ്ങിയെത്തിയ ഉടനെ തന്നെ വീട്ടുടമ ഫോണില് ബന്ധപ്പെട്ട് വീട്ടില്നിന്ന് മാറിത്താമസിക്കാന് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇവര് പറഞ്ഞു.
മറ്റൊരു വീട് ലഭിക്കുന്നിടം വരെ ഇവിടെ താമസിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉടമ സമ്മതിച്ചില്ലെന്നും തുടര്ന്ന് തഹസില്ദാറായ എസ് കെ സെറീനയുടെ സഹായത്തോടെ ചെറിയൊരു വീട് സംഘടിപ്പിച്ച് താമസം മാറിയതായും ഇവര് പറഞ്ഞു.
എന്നാല്, കോവിഡ് പോരാട്ടത്തില് പങ്കാളിയായ പ്രദേശവാസിയായ പോലീസുദ്യോഗസ്ഥയ്ക്ക് അയല്വാസികള് സ്വീകരണം നല്കിയിരുന്നു.
ആളുകള് വരിയായി നിന്ന് വീട്ടിലെത്തിയ ഉദ്യോഗസ്ഥയെ സ്വാഗതം ചെയ്യുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തിരുന്നു.
ശ്രീകാളഹസ്തിയില് ഏപ്രില് 19-ന് റിപ്പോര്ട്ട് ചെയ്ത 11 കേസുകളില് എട്ട് പേരും കോവിഡ് പ്രതിരോധപ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്ന സര്ക്കാര് ജീവനക്കാരാണ്.
എട്ടു പേരും രോഗമുക്തി നേടി. മൂന്ന് പേര് ചികിത്സയിലാണ്. അതിനിടയ്ക്ക് ആളുകളുടെ ഇത്തരം മനോഭാവം സമൂഹത്തിനാകെ അപമാനകരമാണ്.