ഇരിട്ടി(കണ്ണൂർ): വൈദ്യുത ലൈനിൽ നിന്നും വീടിന്റെ ഗ്രിൽസിലേക്ക് വയർ ഘടിപ്പിച്ച് ഇരിട്ടിയിൽ വ്യാപാരിയേയും കുടുംബത്തെയും കൊല്ലാൻ ശ്രമം. ഇരിട്ടിയിലെ കൈരളി സ്റ്റോർ ഉടമ പയഞ്ചേരിയിലെ പുതിയപറമ്പൻ അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും ആണ് വീട്ടുമുറ്റത്തെ വൈദ്യുതപോസ്റ്റിലെ ലൈനിൽ നിന്നും വീട്ടുവരാന്തയിലെ ഗ്രിൽസിലേക്ക് വയർ ഘടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചോടെ ഉണർന്ന അബ്ദുള്ളക്കുട്ടിക്ക് ഗ്രിൽസ് തുറക്കാൻ ശ്രമിക്കവേ ഷോക്കേൽക്കുകയായിരുന്നു. ഇറയത്തെ റബ്ബർ കാർപ്പെറ്റിൽ നിന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി പോലീസും വൈദ്യുത വകുപ്പ് അധികൃതരും സ്ഥലത്തെത്തി.
വൈദ്യുതി വകുപ്പ് അധികൃതർ ലൈൻ ഓഫാക്കി വീട്ടുമുറ്റത്തിന് സമീപത്തെ പോസ്റ്റിലെ ലൈനിൽ ഘടിപ്പിച്ച വയറുകൾ വിച്ഛേദിക്കുകയായിരുന്നു. ഈ വയറുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീട്ടിലെ കണക്ഷൻ വിച്ഛേദിക്കാതെ പുറമെ നിന്നെത്തിച്ച സർവീസ് വയർ ഉപയോഗിച്ചാണ് ലൈൻ കന്പിയിൽ നിന്നും കണക്ഷൻ എടുത്തത്.
ഇരിട്ടി ഡിവൈഎസ്പി സാജു കെ.ഏബ്രാഹം, സിഐ രാജീവൻ വലിയവളപ്പിൽ, എസ്ഐ സുനിൽ കുമാർ എന്നിവർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.