കോട്ടയം: അർധരാത്രിയിൽ വീട്ടിൽ നിന്നും കേട്ടിരുന്ന വലിയ ശബ്ദം നിലച്ചതായി കോട്ടയം സ്പെഷൽ ബ്രാഞ്ച് പോലീസ്. കുമരകം പൊങ്ങലിൽ അരുണ്‍കുമാറിന്റെ വീടിന്റെ മേൽക്കൂരയിൽ നിന്നും ശബ്ദം കേൾക്കുന്നതായുള്ള പരാതിയിലാണു കഴിഞ്ഞ ദിവസം സ്പെഷൽ ബ്രാഞ്ച് പോലീസ് അന്വേഷണം തുടങ്ങിയത്.
അന്വേഷണം ആരംഭിച്ച ആദ്യരാത്രിയിൽ പോലീസ് ശബ്ദം കേൾക്കുന്നതിന്റെ കാര്യങ്ങൾ മനസിലാക്കുന്നതിനായി വീട്ടിൽ കഴിഞ്ഞിരുന്നു. ഈ ദിവസം രാത്രിയിൽ പതിവു പോലെ ശബ്ദം കേട്ടിരുന്നു. എന്നാൽ ശബ്ദം കേൾക്കുന്ന ഭാഗത്തു നിന്നും ആരെയും കണ്ടെത്താൻ പോലീസിനും കഴിഞ്ഞിരുന്നില്ല.
പിറ്റേന്നു രാത്രിയിലും പോലീസ് വീട്ടിൽ എത്തിയിരുന്നെങ്കിലും ശബ്ദം കേട്ടില്ല. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും രാത്രിയിൽ പോലീസ് വീട്ടിലെത്തി താമസിച്ചെങ്കിലും ശബ്ദം കേട്ടില്ല. അന്വേഷണം തുടങ്ങിയ ഒരു രാത്രി ഒഴികെയുള്ള ദിവസങ്ങളിൽ ശബ്ദം കേൾക്കാത്ത സാഹചര്യമാണ്. ഇതോടെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ സംഭവത്തിന്റെ യഥാർഥ്യം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണു സ്പെഷൽ ബ്രാഞ്ചും വീട്ടുകാരും.