ചാവക്കാട്: പത്തുലക്ഷം രൂപ ചെലവിൽ നിർമിച്ച വീടിനു 18.53 ലക്ഷം രൂപ സെസ്. എടക്കഴിയൂർ പഞ്ചവടി പരേതനായ വാക്കയിൽ മൊയ്തീന്റെ ഭാര്യ നഫീസയുടെ വീടിനാണ് കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് സെസായി 18,53,224 രൂപ അടയ്ക്കാൻ ജില്ലാ അസിസ്റ്റന്റ് ലേബർ ഓഫീസർ നോട്ടീസ് അയച്ചത്.
ബാങ്ക് വായ്പ ഉൾപ്പെടെ പണം സംഘടിപ്പിച്ച് 800 ചതുരശ്ര അടിയിൽ വീട് നിർമിച്ച നഫീസയ്ക്ക് വീട് പണിയാൻ 10 ലക്ഷം രൂപയോളമാണ് ചെലവ്. ഇതിനാണ് ഇരട്ടിതുകയുടെ നോട്ടീസ്.കഴിഞ്ഞ വർഷം അയച്ച ആദ്യ നോട്ടീസിനു മുറപടി തന്നില്ലെന്നു കാണിച്ച് ജൂണ്‍ 19നു അയച്ച നോട്ടീസ് നഫീസക്ക് ലഭിച്ചത് കഴിഞ്ഞ ദിവസം. നോട്ടീസിൽ ജൂണ്‍ 19നു എന്ന് കാണിച്ചിട്ടുണ്ടെങ്കിലും എന്നാണ് അയച്ചതെന്നു വ്യക്തമല്ല.
പരാതിയുണ്ടെങ്കിൽ നോട്ടീസ് ലഭിച്ച് 20 ദിവസത്തിനകം ജില്ലാ അസി. ലേബർ ഓഫീസിൽ ഹാജരാകണമെന്ന കത്ത് വീട്ടുടമയ്ക്ക് ലഭിക്കുന്നത് രണ്ടുമാസം കഴിഞ്ഞ്.ഹാജരായില്ലെങ്കിൽ മുന്നറിയിപ്പ് ഇല്ലാതെ നടപടി എടുക്കുമെന്നും നോട്ടീസിൽ പറയുനനു. വീടിന്റെ പ്ലിന്ത് ഏരിയ 11,164 ചതുരശ്ര അടിയാണെന്നും അതുകൊണ്ട് നിർമാണത്തിനു 18.54 കോടി രൂപ ചെലവ് വന്നെന്നുമാണ് ലേബർ ഓഫീസർ കണക്കാക്കിയിട്ടുള്ളതെന്നാണ് വീട്ടുകാർ അന്വേഷിച്ചപ്പോൾ അറിഞ്ഞത്.
ഈ തുകയുടെ ഒരു ശതമാനമായിട്ടാണ് സെസ് 18.53 ലക്ഷം കണക്കാക്കിയത്.വീട് പണിയാൻ പണം കണ്ടെത്തുന്നതിനു ഓടിയതിനേക്കാൾ വലിയ ഓട്ടത്തിലാണ് നഫീസയുടെ കുടുംബം.