നൈറ്റി ഇട്ടവരെല്ലാം വേലക്കാരികളാകുമോ…ഒരു നൈറ്റി ഇട്ട് ഒരു പാട്ട് പാടിയെന്ന് കരുതി എന്നെ ഇങ്ങനെ വേലക്കാരിയാക്കുമെന്ന് ആരു കണ്ടു. എന്റെ പൊന്നു മക്കളേ എനിക്ക് വീട്ടു ജോലിയൊന്നുമല്ല പണി. ഞാനൊരു പാവം വീട്ടമ്മ. അതാണ് എന്റെ മേല്‍വിലാസം.’താടിക്കു കൈയ്യും കൊടുത്താണ് എല്‍സമ്മ ഇതു പറയുന്നത്.
ഇനി എല്‍സമ്മ ആരെന്നല്ലേ…എല്‍സമ്മ എന്ന് പറഞ്ഞാല്‍ സോഷ്യല്‍ മീഡിയക്ക് മനസിലായെന്ന് വരില്ല. ‘വിവാഹ വേദിയില്‍ കിടിലന്‍ പാട്ടുപാടിയ വേലക്കാരി ചേച്ചി എന്നു പറഞ്ഞാലേ ആളെ പിടികിട്ടൂ’. കൊഞ്ചിക്കരയല്ലേ…മിഴികള്‍ നനയല്ലേ…എന്ന നമ്മുടെ കഥാനായികയുടെ ശബ്ദം ലൈക്കിലേറിയത് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍. കഥയവിടെ തീര്‍ന്നില്ല, എല്‍സമ്മയുടെ പാട്ടിന് പൊടിപ്പും തൊങ്ങലും ചാര്‍ത്തി അവര്‍ക്ക് വേലക്കാരിയായി ‘സ്ഥാനക്കയറ്റം’ നല്‍കിയ സോഷ്യല്‍ മീഡിയക്ക് ഇനിയും ആളേയും ആളിന്റെ പശ്ചാത്തലവും അവിടെ എന്താണ് സംഭവിച്ചതെന്നും മനസിലായിട്ടില്ല.
സംഭവം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തകര്‍ത്തോടുമ്പോള്‍ സാക്ഷാല്‍ പാട്ടുകാരി തന്നെ രംഗത്തെത്തുകയാണ്. നൈറ്റിയിട്ട് പാടിയ ആ വൈറല്‍ പാട്ടും അതിനു പിന്നിലെ കഥയും എല്‍സമ്മ തന്നെ പറയുകയാണ് ‘എന്നെ വീട്ടുവേലക്കാരിയാക്കിയെങ്കിലെന്താ എന്റെ പാട്ട് കുറച്ചു പേരെങ്കിലും കേട്ടല്ലോ…നമ്മളൊക്കെ ഇങ്ങനെയൊക്കെയാണെങ്കിലും ഫെയ്മസ് ആയില്ലേ. വളരെ സന്തോഷം.’– നിഷ്‌ക്കളങ്കമായി പുഞ്ചിരിച്ച് കൊണ്ട് എല്‍സമ്മ പറഞ്ഞു തുടങ്ങുകയാണ്.
‘ഇവരീ പറയുന്ന മാതിരി അതൊരു കല്യാണ വീടൊന്നും അല്ല. പാലു കാച്ചല്‍ ചടങ്ങിലാണ് ഞാന്‍ അന്നാ പാട്ടു പാടിയത്. എന്റെ ഭര്‍ത്താവ് ബിജുവിന്റെ പെങ്ങളുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്. അടുക്കളയില്‍ പിടിപ്പതു പണിയിലായിരുന്നു ഞാനുള്‍പ്പെടെയുള്ള സ്ത്രീജനങ്ങള്‍. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം വന്നു പോയതിനു ശേഷം ഞങ്ങള്‍ കുടുംബക്കാരെല്ലാം അവിടെ ഒത്തു കൂടി. അതിനിടയിലാണ് എന്റെ പാട്ട് പരീക്ഷണം. ബന്ധുക്കളാരോ അത് മൊബൈലില്‍ പിടിച്ചതാണ്. അതിങ്ങനെ ഏടാകൂടം ആകുമെന്ന് ആരറിഞ്ഞു. അധ്യാപകനും ഞങ്ങളുടെ ബന്ധുവുമായ പ്രവീണ്‍ എന്ന ആള്‍ക്കൊപ്പമാണ് ഞാന്‍ പാടിയത്.
ഞാന്‍ പറഞ്ഞല്ലോ, ജോലി ചെയ്തതിനിടയ്ക്കായിരുന്നു വന്ന് പാടിയത്. അതിനിടയില്‍ സമയം കിട്ടിയില്ല, അല്ലെങ്കില്‍ ഒന്ന് അണിഞ്ഞൊരുങ്ങി വന്ന് പാടാമായിരുന്നു.’– എല്‍സമ്മയുടെ മുഖത്ത് കള്ളച്ചിരി. എനിക്കീ സോഷ്യല്‍ മീഡിയയും അവിടെ നടക്കുന്ന സംഭവ വികാസങ്ങളും ഒന്നും വലിയ വശമില്ല. ഒന്നു മാത്രം മനസിലായി കുറച്ചു പേര്‍ വിചാരിച്ചാല്‍ നമ്മുടെ അഡ്രസ് തന്നെ മാറ്റാനാകും എന്ന്. എന്നെ വേലക്കാരിയാക്കിയതിലൊന്നും എനിക്ക് ഒരു പരിഭവവുമില്ല. സംഭവം ഞാന്‍ ഫെയ്മസ് ആയല്ലോ…എന്റെ പാട്ട് എല്ലാരും കേട്ടല്ലോ, സന്തോഷം. പിന്നെ ചേട്ടനും മക്കളുമൊക്കെ ഞാന്‍ ഫെയ്മസ് ആയതില്‍ ഡബിള്‍ ഹാപ്പിയിലാണ്. പെയിന്റിംഗാണ് അദ്ദേഹത്തിന് ജോലി. രണ്ട് മക്കളാണ് ഞങ്ങള്‍ക്ക് അനില, അലന്‍.– സോഷ്യല്‍ മീഡിയയുടെ സ്വന്തം വേലക്കാരി പാട്ടുകാരി പറഞ്ഞു നിര്‍ത്തുന്നു.