റീൽസ് ചിത്രീകരിക്കാൻ ഡിഎസ്എൽആർ കാമറ വാങ്ങുന്നതിനായി സ്വർണം മോഷ്ടിച്ച വീട്ടുജോലിക്കാരി ഡൽഹിയിൽ അറസ്റ്റിൽ. തന്റെ യൂട്യൂബ് ചാനലിനായി വീഡിയോകൾ ചിത്രീകരിക്കാൻ നിക്കോണിന്റെ ഡിഎസ്എൽആർ കാമറ വാങ്ങാനായിരുന്നു നീതു യാദവിന്റെ ശ്രമം.
ഇതിന്റെ ഭാഗമായാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള ആഭരണങ്ങൾ നീതു മോഷ്ടിച്ചത്. സംഭവത്തിൽ ഡൽഹി പോലീസിന്റെ ദ്വാരക ജില്ലയിലെ ആന്റി ബർഗ്ലറി സെൽ ഞായറാഴ്ചയാണ് നീതുവിനെ അറസ്റ്റ് ചെയ്തതു.
സ്വർണത്തിന്റെ ബ്രേസ്ലെറ്റ്, വെള്ളിയുടെ മാല, മറ്റ് ആഭരണങ്ങൾ എന്നിവ കളവു പോയെന്നായിരുന്നു ബംഗ്ലാവിന്റെ ഉടമയുടെ പരാതി. കുറച്ചുദിവസങ്ങൾക്കു മുൻപുവരെ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായും അയാൾ പറഞ്ഞിരുന്നു. തുടർന്ന് ബാഗുമായി ഡൽഹിയിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് നീതുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഭർത്താവിന്റെ പീഡനങ്ങൾ സഹിക്ക വയ്യാതെയാണ് രാജസ്ഥാൻ സ്വദേശിയായ നീതു ഡൽഹിയിലേക്ക് വീട്ടുജോലിക്കായി എത്തിയത്. ഇതിനിടെ ഇൻസ്റ്റഗ്രാമിൽ റീലുകൾ പോസ്റ്റ് ചെയ്യാനും തുടങ്ങി. കൂടുതൽ വരുമാനം ലഭിക്കണമെങ്കിൽ ഡിഎസ്എൽആർ കാമറ ഉൾപ്പെടെ ഉപയോഗിച്ച് ഷൂട്ട് ചെയ്യണമെന്ന് കരുതിയാണ് മോഷണത്തിന് ഇറങ്ങിയതെന്ന് നീതു പോലീസിന് മൊഴി നൽകി.