പരിയാരം (കണ്ണൂർ): പരിയാരം ചിതപ്പിലെപൊയിലില്‍ വയോധികയെ കെട്ടിയിട്ട് ഡോക്ടർ ദന്പതികളുടെ വീട്ടിൽനിന്നു ഒമ്പത് പവന് സ്വര്‍ണാഭരണങ്ങളും 15,000 രൂപയും കവര്‍ച്ച ചെയ്തു. പൊയില്‍ പെട്രോള്‍പമ്പിന് സമീപത്തെ ഡോ. കെ.എ. ഷക്കീര്‍ അലിയുടെ വീട്ടിലാണ് ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടോടെ നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്.
ഡോ. ഷക്കീർ അലിയും ഭാര്യ പരിയാരം ആയുര്‍വേദ കോളജിലെ അസി.പ്രഫസര്‍ ഡോ. കെ. ഫര്‍സീനയും ഇന്നലെ രാത്രി എറണാകുളത്തേക്ക് പോയിരുന്നു. വീടിന്റെ മുന്‍വശത്തെ ജനലിന്റെ ഗ്രില്‍സ് മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന 65 കാരി കെ. ആയിഷയെ കെട്ടിയിട്ടാണ് ഇവരുടെ ഒമ്പത് പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഫര്‍സീനയുടെ ഉമ്മയുടെ സഹോദരിയാണ് അയിഷ.
വീടിന്റെ എല്ലാ മുറികളും അരിച്ചുപെറുക്കി പരിശോധിച്ച മോഷ്ടാക്കള്‍ ഒന്നരമണിക്കൂറോളം സമയം കവര്‍ച്ച നടന്ന വീട്ടില്‍ ഉണ്ടായിരുന്നു. കൂടുതല്‍ സാധനങ്ങള്‍ മോഷണം പോയതായാണ് വിവരം. പോലീസ് പരിശോധിച്ചു വരികയാണ്. ഹിന്ദിയും മലയാളവും സംസാരിച്ച നാല് മോഷ്ടാക്കളും മുഖംമൂടി ധരിച്ചിരുന്നതായി ആയിഷ പോലീസിനോട് പറഞ്ഞു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആലക്കാട് സ്വദേശിയായ ഡോ.ഷക്കീര്‍ അലി കാസര്‍ഗോഡ് ഗവ.യൂനാനി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ്.
ഡോ. ഷക്കീറിന്റെ രണ്ട് മക്കളും സംഭവസമയം മുകള്‍നിലയില്‍ ഉണ്ടായിരുന്നു. ഇവര്‍ രാവിലെ എഴുന്നേറ്റുവന്നപ്പോഴാണ് ആയിഷയെ കെട്ടിയിട്ടത് കണ്ടത്.
ഡോക്ടര്‍ തിരിച്ചെത്തിയാല്‍ മാത്രമേ കൂടുതല്‍ സാധനങ്ങൾ മോഷണം പോയിട്ടുണ്ടോ എന്നത് വ്യക്തമാവുകയുള്ളൂ. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധദധരും ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. സിസി ടിവിയുടെ ഡിവിആര്‍ ഉള്‍പ്പെടെ മോഷ്ടാക്കള്‍ കൊണ്ടുപോയതായാണ് വിവരം.