കുറവിലങ്ങാട്: കേടായി റോഡരുകില്‍ കിടന്ന ലോറിക്കടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി പോലീസുകാരന് ഗുരുതരപരിക്കേറ്റു. പാലാ സ്റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ വൈക്കം സ്വദേശി സോമനാണ് പരുക്കേറ്റത്. ഇന്നുപുലര്‍ച്ചെ അഞ്ചോടെയാണ് സോമനെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. എം.സി റോഡില്‍ കോഴാ പബ്ലിക്ക് ലൈബ്രറിക്ക് സമീപമായിരുന്നു അപകടം. ഗീയര്‍ ബോക്സിന് തകരാറുണ്ടായതിനെ തുടര്‍ന്ന് ദിവസങ്ങളായി കേടായി കിടക്കുകയായിരുന്ന ലോറിയാണ് അപകടത്തിനിടയാക്കിയത്. ലോറി പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് മുന്നറിയിപ്പില്ലായിരുന്നു.
പുലര്‍ച്ചെ അഞ്ചോടെ ഇതുവഴി എറണാകുളത്തേക്ക് പോകുകയായിരുന്ന കോഴാ നിധീരി മറുകര അഡ്വ. സിന്ധു ജെരാര്ദാണ് ലോറിക്കടിയില്‍ ബൈക്ക് ഇടിച്ചുകയറി ഒരാള്‍ അപകടത്തില്‍പ്പെട്ടതായി ആദ്യം മനസിലാക്കുന്നത്. മകന് ഓസ്റ്റിനുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന സിന്ധു രക്ഷപ്രവര്‍ത്തനം അസാധ്യമാണെന്ന് മനസിലാക്കി പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിലേക്കു പോകുന്നവഴിയില്‍ പള്ളിക്കവലയില്‍ ഓട്ടോസ്റ്റാന്‍ഡിലെത്തി ഓട്ടോറിക്ഷ ഡ്രൈവര്‍മാരേയും അപകടവിവരം അറിയിച്ചു.
സ്റ്റേഷനില്‍ നിന്ന് പോലീസ് സംഘവുമായി തിരികെയെത്തി പരുക്കേറ്റ സോമനെ ആശുപത്രിയിലേക്ക് മാറ്റിയശേഷമാണ് സിന്ധു എറണാകുളത്തേക്ക് പോയത്. അപകടവിവരം യഥാസമയം പോലീസിനെ അറിയിക്കാനായത് രക്തം വാര്‍ന്നും ചികിത്സ ലഭിക്കാതെയുമുണ്ടാകാമായിരുന്ന ഭീഷണി ഒഴിവാക്കാനായി. എം.സി റോഡിലെ അനധികൃത പാര്‍ക്കിംഗും അശ്രദ്ധയും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ വാഹന പാര്‍ക്കിംഗ് നിരോധിച്ചതോടെ എം.സി റോഡാണ് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനുള്ള ഏക ആശ്രയം.