കോഴിക്കോട്: കോഴിക്കോടുനിന്ന് ഒരാഴ്ച മുന്‍പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയതായി യുവാവിന്റെ മൊഴി.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപ്പറമ്പ് സ്വദേശിനി സൈനബ(59)യെയാണ് കൊന്ന് നാടുകാണി ചുരത്തില്‍ തള്ളിയതായി പറയുന്നത്.
സൈനബയുടെ ആണ് സുഹൃത്ത് മലപ്പുറം സ്വദേശി സമദ് നേരിട്ട് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കുകയായിരുന്നു. സംഭവത്തില്‍ വ്യക്തതവരുത്താന്‍ പോലീസ് സംഘം നാടുകാണിചുരത്തിലേക്ക് തിരിച്ചു.
ഒരാഴ്ചമുന്‍പാണ് സൈനബയെ കാണാനില്ലെന്ന് കസബ പോലീസിന് പരാതി ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.
മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ ഇയാളുടെ മൊഴി വിശ്വസിക്കാനാകുവെന്നും ഇതിനായുള്ള തുടര്‍ നടപടികളിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തില്‍ പോലീസ് സമദിന്റെ ഫോണ്‍ പരിശോധിച്ചു. ഇയാള്‍ സൈനബയുമായി സംസാരിച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
യുവാവ് പോലീസിനോട് പറഞ്ഞത് ഇങ്ങനെ…
സൈനബയുമായി ഏറെനാളത്തെ അടുപ്പമുണ്ട്. ഫോണിലൂടെയായിരുന്നു പരിചയപ്പെട്ടത്. ഒരാഴ്ച മുന്‍പ് ഇവരെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നു കാറില്‍ കയറ്റിക്കൊണ്ടുപോയി.
വെറുതേ കറങ്ങാനെന്ന് പറഞ്ഞാണ് കാറില്‍ കയറ്റിയത്. സ്വര്‍ണാഭരണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം ഗൂഡല്ലൂര്‍ സ്വദേശിയായ സുലൈമാനും സഹായത്തിനുണ്ടായിരുന്നു. തിരികെ കോഴിക്കോടേക്ക് എത്തിക്കാമെന്ന ധാരണയിലാണ് ഇവർ കാറിൽ കയറിയത്.
താനൂരില്‍ സുഖമില്ലാതെ കിടക്കുന്ന ഒരാള്‍ക്കൊപ്പം ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ 10000 രൂപ തരാമെന്ന് പറഞ്ഞാണ് സെെനബയെ യുവാക്കൾ കാറിൽ കയറ്റിക്കൊണ്ട് പോയത്.
സൈനബയുമായി സമദിന്റെ കുന്നുംപുറത്തെ വീട്ടില്‍ എത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനായിരുന്നു സമദിന്റെ ലക്ഷ്യം. എന്നാല്‍ വീട്ടില്‍ എത്തിയ സമയത്ത് സമദിന്റെ ഭാര്യയും കുഞ്ഞും വീട്ടിൽ ഉണ്ടായിരുന്നതിനാല്‍ നിരാശനായി മടങ്ങി. തിരികെ പോകാൻ നേരം കൂടെ വന്നതിന് സെെനബ 2000 രൂപ ആവശ്യപ്പെട്ടു.
കാറിനുള്ളില്‍ വച്ച് സ്വര്‍ണം കൈക്കലാക്കി ഇറക്കിവിടാനായിരുന്നു യുവാക്കളുടെ പദ്ധതി. എന്നാല്‍ സൈനബ ഇതിനെ എതിര്‍ത്തതോടെ പിടിവലിയാകുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
മരിച്ചെന്ന് ഉറപ്പായതോടെ ഗൂഡല്ലൂര്ഭാഗത്തേക്ക് പോകുകയും മൃതദേഹം രാത്രി ചുരത്തില്‍ വലിച്ചെറിയുകയും ചെയ്തു.