തൃശൂർ, കാലടി: ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ കൊന്ന് മൃതദേഹം വനത്തിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. കാലടി കാഞ്ഞൂർ ചെങ്ങൽ പരുത്തിച്ചുവട് പാറക്കടവ് സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകം നടത്തിയ ആതിരയുടെ സുഹൃത്ത് ഇടുക്കി ആനക്കട്ടി സ്വദേശി അഖിലിനെ (32) പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ 29 മുതൽ ആതിരയെ കാണാതായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടയിൽ അഖിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അതിരപ്പിള്ളി തുമ്പൂർമുഴി വനമേഖലയിലെ പത്ത് എന്ന ഭാഗത്ത് മുളങ്കാടുകൾക്കിടയിലെ പാറക്കൂട്ടത്തിൽ കരിയിലകൊണ്ടു മൂടിയനിലയിൽ ആതിരയുടെ മൃതദേഹം കണ്ടെത്തിയത്.
യുവതിയെ തുമ്പൂർമുഴി വനത്തിലെത്തിച്ച അഖിൽ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ആതിരയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയായിരുന്നു. ആതിരയെ കണ്ടെത്താൻ ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകളും പ്രചരിപ്പിച്ചിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം അഖിലിനൊപ്പം കാറിൽ പോകുന്നതായി പോലീസ് കണ്ടെത്തി.
ഇതേതുടർന്ന് കാലടി പോലീസ് അഖിലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ നിന്നുമാണ് ആതിരയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
അങ്കമാലിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്നവരാണ് അഖിലും ആതിരയും. ഇവർ തമ്മിൽ നേരത്തെ മുതൽ അടുപ്പത്തിലായിരുന്നു.
ഭാര്യയും രണ്ടു മക്കളുമുണ്ടായിരുന്ന അഖിൽ അവരെ ഉപേക്ഷിച്ച് വേറൊരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള തയാറെടുപ്പിലായിരുന്നു. ആതിരയെ ഒഴിവാക്കാനായിരുന്നു കൊലപാതകം.
ആതിരയുടെ പക്കൽനിന്ന് അഖിൽ സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നു. ഇതു തിരിച്ചുതരാൻ ആവശ്യപ്പെട്ടതും കൊലപാതകത്തിനു കാരണമായെന്നു പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.