തിരുവനന്തപുരം: പാറ്റൂർ മൂലവിളാകത്ത് 49 കാരിയായ വീട്ടമ്മ അക്രമിക്കപ്പെട്ട കേസിൽ സംഭവത്തിൽ പത്ത് ദിവസം പിന്നിട്ടിട്ടും യഥാർഥ പ്രതിയെ പിടികൂടാനോ പ്രതി സഞ്ചരിച്ച വാഹനത്തിന്റെ നന്പർ കണ്ടെത്താനോ സാധിക്കാതെ പോലീസ്.
പ്രതിയെ കണ്ടെത്താനായി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജ്, പേട്ട, വഞ്ചിയൂർ, വലിയതുറ, പൂന്തുറ എസ്എച്ച്ഒ മാരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സംശയത്തിന്റെ പേരിൽ പോലീസ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും യഥാർത്ഥ പ്രതിയെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല.
ഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അക്രമത്തിന് പിന്നിൽ ഇയാളാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇതേ തുടർന്ന് സംഭവം നടന്ന സ്ഥലത്തും സമീപത്തുമുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
പ്രതിയെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിനു തൊട്ടുപിന്നാലെ പ്രദേശത്തു കൂടി ഒരാൾ ബെക്കിൽ ഹെൽമെറ്റ് ധരിച്ച് കടന്ന് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നന്പർ പ്ലേറ്റും ഇയാളുടെ മുഖവും ദൃശ്യങ്ങളിൽ വ്യക്തമല്ല.
ഈ രൂപത്തിന് കൂടുതൽ വ്യക്തത വരുത്താനായി സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പ്രദേശത്ത് സ്വകാര്യസ്ഥാപനങ്ങളിലും കടകളിലും സ്ഥാപിച്ചിരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് പറയുന്നു.
ഇതിനു പുറമെ സ്ത്രീകൾക്ക് നേരെ അക്രമവും പീഡനവും നടത്തുന്ന സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും പേട്ട പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
തലസ്ഥാന നഗരത്തിൽ ഈ അടുത്തകാലത്തായി സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങളുടെ എണ്ണം പെരുകുകയാണ്.
കഴിഞ്ഞ പതിമൂന്നിന് രാത്രിയാണ് മൂലവിളാകം സ്വദേശിനിയായ വീട്ടമ്മ മരുന്ന് വാങ്ങാനായി ടൂ വീലറിൽ ജനറൽ ആശുപത്രി ഭാഗത്തേക്ക് യാത്ര തിരിച്ചത്.
ഇതിനിടെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് കടന്ന് പിടിക്കുകയും തല മതിലിൽ ശക്തിയായി ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്.
വീട്ടമ്മ പേട്ട പോലീസിൽ ഫോണിലൂടെ വിളിച്ച് സഹായം തേടിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് പോലീസ് കേസെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ പേട്ട പോലീസ് സ്റ്റേഷനിലെ രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ കമ്മീഷണർ സസ്പെന്ഡ് ചെയ്തിരുന്നു.