ന്യൂഡൽഹി: ആറുലക്ഷം മുതൽ 18 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്കു ഭവനവായ്പയ്ക്കു നാലു ശതമാനം വരെ സബ്സിഡി നല്കുന്ന സ്കീമിനു ജനുവരി ഒന്നു മുതൽ പ്രാബല്യം. ക്രെഡിറ്റ് ലിങ്ക്ഡ് ഇന്ററസ്റ്റ് സബ്സിഡി സ്കീം (സിഎൽഎസ്എസ്) എന്നു പേരിട്ടിട്ടുള്ള ഈ പദ്ധതിയുടെ വിശദ രൂപരേഖ കഴിഞ്ഞദിവസം പുറത്തിറക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ച ഈ പദ്ധതിയിൽ 45 ഹൗസിംഗ് ഫിനാൻസ് കന്പനികളും 15 ഷെഡ്യൂൾഡ് ബാങ്കുകളും പങ്കാളികളായി. കൂടുതൽ സ്ഥാപനങ്ങൾ താമസിയാതെ പങ്കാളികളാകും. പ്രതിമാസ ഗഡുവിൽ രണ്ടായിരത്തിൽ പരം രൂപ കുറവ് വരുന്നതാണു സ്കീം. ഒരാൾക്കു ശരാശരി 2.3 ലക്ഷം രൂപയുടെ സബ്സിഡി കിട്ടും. പ്രധാൻമന്ത്രി ആവാസ് യോജനയുടെ ഭാഗമാണിത്.
ആർക്കൊക്കെ
വാർഷികവരുമാനം ആറുലക്ഷം രൂപയ്ക്കും 18 ലക്ഷം രൂപയ്ക്കും ഇടയിലുള്ളവർ. ആറുലക്ഷത്തിനു താഴെയുള്ളവർക്കു വേറേ സ്കീം ഉണ്ട്.
വ്യവസ്ഥകൾ
12 ലക്ഷം രൂപവരെ വരുമാനമുള്ളവർക്കു 90 ചതുരശ്ര മീറ്റർ (968.75 ചതുരശ്രയടി) വരെയും അതിനു മുകളിലുള്ളവർക്ക് 110 ചതുരശ്ര മീറ്റർ (1184 ചതുരശ്രയടി) വരെയും വിസ്തൃതിയുള്ള പാർപ്പിടത്തിനേ സബ്സിഡി കിട്ടൂ.
വായ്പാ കാലാവധി
പരമാവധി 20 വർഷം.
വായ്പാപരിധി
12 ലക്ഷം വരെയുള്ളവർക്ക് ഒൻപതുലക്ഷം രൂപ. അതിനു മുകളിൽ 12 ലക്ഷം രൂപ.
സബ്സിഡി
12 ലക്ഷം വരെ വരുമാനമുള്ളവർക്കു നാലു ശതമാനം പലിശ സബ്സിഡി. അതിനു മുകളിൽ മൂന്നുശതമാനം. സബ്സിഡി ആദ്യമേ ഒറ്റത്തവണയായി നല്കും.
നേട്ടം 8.65 ശതമാനം പലിശയിലാണു വായ്പയെങ്കിൽ ഒൻപതു ലക്ഷം രൂപയുടെ വായ്പയ്ക്ക് 2062 രൂപയും 12 ലക്ഷത്തിന്റെ വായ്പയ്ക്ക് 2019 രൂപയും ഇഎംഐയിൽ കുറവ് വരും.