ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് 25 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ചു. ഭവനനിർമാണ അഡ്വാൻസ് (എച്ച്ബിഎ) പദ്ധതിക്കു കീഴിലാണ് വായ്പ ലഭിക്കുന്നത്.
മുന്പു ലഭിച്ചിരുന്നതിന്റെ മൂന്നു മടങ്ങ് പുതിയ പദ്ധതിയനുസരിച്ച് ലഭിക്കും. കേന്ദ്രസർക്കാർ ജീവനക്കാരായ ദന്പതികൾക്ക് ഒരുമിച്ചോ രണ്ടായോ ഭവനവായ്പ ലഭിക്കാൻ അർഹതയുണ്ട്. നേരത്തെ ദന്പതികളിൽ ഒരാൾക്കു മാത്രമായിരുന്നു ഈ പദ്ധതിയനുസരിച്ച് വായ്പ ലഭിച്ചിരുന്നത്.
ഭവനവായ്പാ പദ്ധതി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്തെ 50 ലക്ഷത്തിൽപരം കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഏഴാം ശന്പളക്കമ്മീഷന്റെ ശിപാർശ പ്രകാരം നിബന്ധനകളിൽ മാറ്റം വരുത്തിയ എച്ച്ബിഎ പദ്ധതിയിൽ 34 മാസത്തെ അടിസ്ഥാനശന്പളത്തിന് ആനുപാതികമായ തുക (പത്തു ലക്ഷം വരെ) വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ലഭിക്കും. നേരത്തെ 1.8 ലക്ഷം രൂപയായിരുന്നു ഈ ഇനത്തിൽ ലഭ്യമായിരുന്നത്.
കൂടാതെ പുതിയ ഭവനം നിർമിക്കുന്പോഴോ വാങ്ങുന്പോഴോ ഒരു കോടി രൂപ വരെ ചെലവാക്കാം. പ്രത്യേക കേസുകളിൽ 1.25 കോടി വരെ ആവാം. നേരത്തെ 30 ലക്ഷം രൂപ വരെയായിരുന്നു ഇത്തരത്തിൽ ചെലവാക്കാൻ അനുമതിയുണ്ടായിരുന്നത്.
ഭവനവായ്പയുടെ പലിശ 8.5 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. നേരത്തെ 50,000 രൂപ മുതൽ 7.5 ലക്ഷം രൂപ വരെയുള്ള നാലു സ്ലാബുകളിലായി ആറു മുതൽ 9.30 വരെ ശതമാനം പലിശയായിരുന്നു ഈടാക്കിയിരുന്നത്.