മാരകമായ ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയ്ക്ക് പോകുന്ന കൊച്ചുമിടുക്കന് മികച്ച യാത്രയയപ്പ് നൽകി സഹപാഠികളും രക്ഷിതാക്കളും. അമേരിക്കയിലാണ് സംഭവം. അഞ്ച് വയസ്കാരനായ ഈ കുട്ടിയുടെ പേര് വ്യാട്ട് ഹാസ് എന്നാണ്.
കിന്റർഗാർഡൻ വിദ്യാർഥിയായ വ്യാട്ട്, ടെന്നസിയിയിലെ മെംഫീസ് സെന്റ് ജൂഡ്സ് ചിൽഡ്രണ്‍സ് റിസേർച്ച് ആശുപത്രിയിലാണ് ചികിത്സയ്ക്കായി പോകുന്നത്. വ്യാട്ടിനൊപ്പം പഠിക്കുന്ന മകനിൽ നിന്നും രോഗവിവരത്തെക്കുറിച്ച് അറിഞ്ഞ ജെന്നിഫർ നീൽസണ്‍ എന്നയാളാണ് ഈ യാത്രയയപ്പ് ഒരുക്കുവാൻ നേതൃത്വം നൽകിയത്.
തന്റെ മകനാണ് ഈ അവസ്ഥയുണ്ടായതെന്ന ചിന്ത അദ്ദേഹത്തിൽ ഞെട്ടലുളവാക്കി. തുടർന്നാണ് വ്യാട്ടിന് മികച്ച യാത്രയയപ്പ് നൽകണമെന്ന് അദ്ദേഹം തീരുമാനിച്ചത്. മറ്റു കുട്ടികളുടെയും രക്ഷിതാക്കളെ വിവരം അറിയിച്ച അദ്ദേഹം മണിക്കൂറുകൾക്കുള്ളിൽ ഒരു പാർട്ടി തയാറാക്കുകയായിരുന്നു.
കൂടാതെ തന്റെ ഫാമിലെ ഒരു കുതിരക്കുട്ടിയേയും അദ്ദേഹം കൊണ്ടുവന്നിരുന്നു. ചായം പൂശിയ കുതിരക്കുട്ടിയുടെ നെറ്റിയിൽ അദ്ദേഹം ഒരു കൊമ്പും വച്ച് പിടിപ്പിച്ചിരുന്നു. വ്യാട്ടിന് ഏറെ ഇഷ്ടമുള്ള യുണികോണ്‍ പോലെയാണ് ഈ കുതിരയെ അണിയിച്ചൊരുക്കിയത്. അതിന്റെ പുറത്ത് കയറിയിരുന്ന് യാത്ര ചെയ്യണമെന്ന് വ്യാട്ടിന് അതിയായ ആഗ്രഹമുണ്ടായിരുന്നു.
നിരവധി സമ്മാനങ്ങളുമായാണ് വ്യാട്ടിനെ കാണാൻ സഹപാഠികൾ വന്നത്. റെയിൽവേ കമ്പനിയിൽ മെക്കാനിക്ക് ആയ സാക്രി ഹാസിന്റെയും കൊറിസ ഹാസിന്റെയും മൂന്ന് മക്കളിൽ മൂത്തയാളാണ് വ്യാട്ട്. വ്യാട്ടിന്റെ ചികിത്സയ്ക്കുള്ള പണം സാക്രി ഹാസന് താങ്ങാനാവുന്നതല്ല. ഇതിനായുള്ള പണം സമാഹരിക്കുവാനുള്ള തിരക്കിലാണ് അദ്ദേഹം.