ഏറ്റവും അപകടകരമായ ജീവികളിൽ ഒന്നാണ് പാമ്പുകൾ, അതിനാൽ തന്നെ ആളുകൾക്ക് പാമ്പിനെ ഭയമാണ്. ഒരു വ്യക്തിയെ മിനിറ്റുകൾക്കുള്ളിൽ പോലും കൊല്ലാൻ പാമ്പിന് സാധിക്കും. പാമ്പ് കടിയേറ്റാൽ ഉടനടി വൈദ്യസഹായം നേടുന്നത് അത്യാവശ്യമാണ്.
ലോകത്തിലെ എല്ലാ പാമ്പുകളുടെയും കടിയിൽ വിഷം ഇല്ല. എന്നാലും എപ്പോഴും ജാഗ്രത പാലിക്കണം. ലോകത്തിലെ ഏറ്റവും അപകടകാരിയായ വിഷപ്പാമ്പുകളിൽ ഒന്ന് രാജവെമ്പാലയാണ്. രാജവെമ്പാല ഇരയുടെ ശരീരത്തിൽ 200 മുതൽ 500 മില്ലിഗ്രാം വരെ വിഷം പുറത്തുവിടുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
രാജവെമ്പാലയുടെ കടിയേറ്റ ചില കേസുകൾ അനുസരിച്ച് 15 മിനിറ്റിനുള്ളിൽ അല്ലെങ്കിൽ അതിൽ കുറഞ്ഞ സമയത്തിനുള്ളിൽ മരണം സംഭവിക്കുന്നു. വിഷവീര്യത്തിൽ മറ്റ് പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാല പിന്നിൽ ആണെങ്കിലും ഒരു കടിയിൽ കുത്തിവെയ്ക്കുന്ന വിഷത്തിന്റെ അളവ് വളരെ വലുതായതിനാൽ വേഗം മരണം സംഭവിക്കുന്നു. ഈ വിഷത്തിന് ഏകദേശം 20 പേരെയൊ അല്ലെങ്കിൽ ഒരു ആനയെയൊ കൊല്ലാൻ സാധിക്കും
രാജവെമ്പാലയുടെ കടിയേറ്റതിന് ശേഷം കാഴ്ച മങ്ങൽ, പക്ഷാഘാതം, ബോധക്ഷയം എന്നിവ അനുഭവപ്പെട്ടേക്കാം. മറ്റ് പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാല കൂടുതൽ വിഷം ഉത്പാദിപ്പിക്കുന്നു. അതിൻ്റെ പത്തിലൊന്ന് വിഷം പോലും കടിയേൽക്കുന്ന ആൾക്ക് മാരകമായി ബാധിച്ചേക്കാം.
നാഡീവ്യവസ്ഥയെ ബാധിക്കുകയും ഹൃദയമിടിപ്പ് നിർത്തുകയും ചെയ്യുന്ന നിരവധി എൻസൈമുകളും പ്രോട്ടീനുകളും ചേർന്നതാണ് പാമ്പിന്റെ വിഷം. എന്നാൽ ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ ഇരയിലേക്ക് കുത്തിവയ്ക്കാനുള്ള വിഷത്തിൻ്റെ അളവ് നിയന്ത്രിക്കാൻ പാമ്പുകൾക്ക് കഴിയുമെന്നതാണ്.