തിരുവനന്തപുരം: ഭക്ഷണ പാഴ്സലുകളിൽ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നു സൂചിപ്പിക്കുന്ന സ്റ്റിക്കർ ഇന്നു മുതൽ കർശനമാക്കി.
സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും തയാറാക്കുന്ന ഭക്ഷണ പാഴ്സലുകളിൽ പതിക്കുന്ന സ്റ്റിക്കറുകളിൽ ഭക്ഷണം തയാറാക്കിയ സമയവും രേഖപ്പെടുത്തണം. ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം ഭക്ഷണം തയാറാക്കുന്ന സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി രണ്ടാഴ്ച കൂടി നീട്ടി. പരിശോധനയിൽ കാർഡില്ലാത്തവരെ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കും.
ഇന്നു മുതൽ പരിശോധന നടത്തുമെങ്കിലും നടപടികൾ 16നു ശേഷമേ ഉണ്ടാകൂ. എല്ലാ റജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാർഡ് നൽകേണ്ടതാണെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകര്‍ച്ച വ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം.
സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി ഒരു വര്‍ഷമായിരിക്കും.
അടപ്പിച്ച ഭക്ഷണശാല വീണ്ടും തുറക്കുമ്പോള്‍ ജീവനക്കാരെല്ലാം രണ്ടാഴ്ചയ്ക്കകം ഭക്ഷ്യസുരക്ഷാ പരിശീലനം നേടണം. ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിംഗ് രജിസ്റ്റര്‍ ചെയ്ത് സത്യപ്രസ്താവന ഹാജരാക്കണം.