നിങ്ങള്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന രീതി തെറ്റാണോ ? ഫോണ്‍ ഒറ്റയടിക്ക് 100 ശതമാനം ചാര്‍ജ് ചെയ്താല്‍…യഥാര്‍ഥത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടത് ഇങ്ങനെ…

ഈ സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ ഫോണുകളെ സംബന്ധിച്ച് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബാറ്ററി കപ്പാസിറ്റിയും ബാറ്ററിയുടെ ചാര്‍ജിംഗും തന്നെയാണ്. മികച്ച കപ്പാസിറ്റിയുള്ള ബാറ്ററിയുണ്ടായാല്‍ പോലും ചാര്‍ജ് ചെയ്യുന്ന രീതിയിലെ അപാകത ബാറ്ററി ലൈഫിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

ബാറ്ററി ചാര്‍ജിംഗിനെക്കുറിച്ച് പല കഥകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നൈറ്റ് ചാര്‍ജിംഗിന് ഇട്ട ഫോണ്‍ ചൂടായി പൊട്ടിത്തെറിക്കുമെന്നും ഉടമയ്ക്ക് ജീവഹാനി സംഭവിക്കുമെന്നു വരെയുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ കാഡക്സിന്റെ കീഴിലുള്ള ബാറ്ററി യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് രാത്രി മുഴുവന്‍ ഫോണും ടാബ്ലറ്റും ലാപ്ടോപ്പുമൊക്കെ ചാര്‍ജു ചെയ്യാനിടുന്നത് നല്ല രീതിയല്ല എന്നാണ്. വല്ലപ്പോഴും ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ തെറ്റില്ല താനും. പക്ഷേ, അതാണു ശീലമെങ്കില്‍ അതു മാറ്റുക തന്നെയാണ് ബാറ്ററിയുടെ ആരോഗ്യത്തിനു നല്ലതെന്നാണ് അവര്‍ പറയുന്നത്.

ഇനി മാതൃകാപരമായ ബാറ്ററി ചാര്‍ജിംഗിനെപ്പറ്റിപ്പറയാം… ഇടയ്ക്ക് ഒരു 10 മുതല്‍ 20 ശതമാനം വരെ ചാര്‍ജു ചെയ്തു കൊണ്ടിരിക്കുന്നതാണ് ഒറ്റയടിക്കു ചാര്‍ജു ചെയ്യുന്നതിനേക്കാള്‍ ബാറ്ററിക്കു നല്ലതെന്നാണ് ബാറ്ററി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. മുമ്പ് പ്രചരിച്ചതിനു കടകവിരുദ്ധമായ അഭിപ്രായമാണിത്.
ബാറ്ററിയുടെ ഐക്കണ്‍ ചുവപ്പ് ആയതിനു ശേഷം ഉപയോഗിക്കരുതെന്ന് ഏവരും ഒരേ സ്വരത്തില്‍ പറയുന്നു. ഫോണുകള്‍ക്ക് മിക്കതിനും 20 ശതമാനമാണ് ചുവപ്പ് ലിമിറ്റ്. ബാറ്ററിയില്‍ എപ്പോഴും 65 മുതല്‍ 75 ശതമാനം ചാര്‍ജ് ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം.

അതിനാല്‍ ചാര്‍ജ് കുറയാതെ ഫോണുകള്‍ നിലനിര്‍ത്താന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാം. ബാറ്ററി ഒരിക്കലും നൂറു ശതമാനം ചാര്‍ജു ചെയ്യാത്തതാണ് ബാറ്ററിയ്ക്ക് നല്ലത്.പരമാവധി 95 ശതമാനമേ ആകാവൂ. ഹൈവോള്‍ട്ടേജ് ബാറ്ററിയെ ആയാസപ്പെടുത്തും എന്നതിനാലാണിത്.യഥാര്‍ഥത്തില്‍ 100 ശതമാനം ചാര്‍ജ് ആയാല്‍ പിന്നെ ചാര്‍ജ് ബാറ്ററിയില്‍ കയറില്ല.

എന്നാലും ബാറ്ററിയുടെ ആരോഗ്യത്തിനു നല്ലത് 100 ശതമാനം എത്തുന്നതിനു മുമ്പ് ചാര്‍ജര്‍ ഊരുന്നതാണ്. ലിഥിയം-അയോണ്‍, ലിഥിയം-പോളിമര്‍ ബാറ്ററികളുടെ കപ്പാസിറ്റി നിര്‍ണയിക്കുന്നത് ചാര്‍ജിംഗ് സൈക്കിളുകള്‍ അനുസരിച്ചാണ്. ഉദാഹരണത്തിന് 300 ചാര്‍ജിംഗ് സൈക്കിളുകള്‍ ഉള്ള ബാറ്ററിയാണെങ്കില്‍ 300 പ്രാവശ്യം 100 ശതമാനത്തിലെത്തിക്കഴിഞ്ഞാല്‍ അടുത്ത സൈക്കിള്‍ മുതല്‍ ബാറ്ററിയുടെ ആയുസ് കുറഞ്ഞു തുടങ്ങും. അതായത് ബാറ്ററി ചാര്‍ജ് 100 ശതമാനത്തില്‍ എത്തിക്കാതിരിക്കുകയായിരിക്കും ഉത്തമം എന്നര്‍ഥം.

Related posts