കോട്ടയം: പച്ചക്കറിക്കും മീനിനും ഇറച്ചിക്കും വില കുത്തനെ ഉയര്‍ന്നതോടെ കുടുംബ ബജറ്റ് താളം തെറ്റുന്നു. മഴക്കാലമെത്തിയതോടെ പച്ചക്കറിക്കും ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മീനിനും വില കൂടിയതിനു പിന്നാലെ ഈ സമയത്ത് ഡിമാൻഡ് ഏറിയ ഇറച്ചിക്കും വില കുതിച്ചുയര്‍ന്നിരിക്കുകയാണ്.
ഒരു കിലോ ഇറച്ചിക്കോഴിച്ച് 160 രൂപയ്ക്ക് മുകളിലാണ് വില. മീനില്‍ ഒരുകിലോ നാടന്‍ മത്തിക്കു വില 240 കടന്നു. കോഴിവില ഓരോദിവസവും രണ്ടുംമൂന്നും രൂപ വീതമാണ് കൂടുന്നത്.
160-165 രൂപ വരെയാണ് ജില്ലയില്‍ പലയിടത്തും വില. കേരള ചിക്കനുപോലും വില 160 രൂപയ്ക്ക് മുകളിലായി. മീന്‍വില കൂടിയതോടെ കോഴി വാങ്ങാനെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
പോത്തിറച്ചിക്ക് പലയിടത്തും പല വിലയാണ്. 360 രൂപ മുതല്‍ 400 രൂപ വരെയാണ് ജില്ലയില്‍ പലയിടത്തെയും വില. വിപണിയില്‍ പോത്തിറച്ചിയുടെ വില സ്ഥിരപ്പെടുത്താന്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചതല്ലാതെ കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല.
കോഴിത്തീറ്റ വില കൂടിയതോടെ നൂറുകണക്കിന് കോഴി ഫാമുകള്‍ പൂട്ടിപ്പോയി. കൂടാതെ, തമിഴ്നാട്ടില്‍നിന്നുള്ള കോഴികളുടെ വരവും കുറഞ്ഞു. ഇതാണ് കോഴിവില വര്‍ധിക്കാനുള്ള സാഹചര്യം.
ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ഒരാഴ്ചമുമ്പ് 140 രൂപയായിരുന്ന മത്തിയുടെ വില 240 രൂപയായി. 160 രൂപയായിരുന്ന അയലയ്ക്ക് 240 രൂപയും കിളിമീനിന് 260 രൂപയുമായി.
ചൂരയ്ക്കുപോലും വില 200 കടന്നു. കേര, മോത തുടങ്ങിയവയ്ക്ക് 460 രൂപയാണ് വില. നെയ്മീനിനു ആയിരത്തിനു മുകളിലാണ് വില. ഉയര്‍ന്ന വില കൊടുത്താലും നല്ല മീന്‍ കിട്ടുന്നില്ലെന്നും പരാതിയുമുണ്ട്.
നീണ്ടകര, അഞ്ചുതെങ്ങ്, ആയിരംതെങ്ങ് തുടങ്ങിയ പ്രധാന തീരങ്ങളില്‍നിന്നുള്ള മീനാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. നേരിട്ട് കടപ്പുറത്തെത്തിയാലും കാര്യമായി മീന്‍ കിട്ടുന്നില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
തമിഴ്നാട് തീരത്തുനിന്നുള്ള മീന്‍ ലഭ്യമാണെങ്കിലും വേണ്ടത്ര നിലവാരമില്ലാത്തതിനാല്‍ പല കച്ചവടക്കാരും വാങ്ങാറില്ല. വളര്‍ത്തുമീനുകളായ തിലോപ്പിയ, അസംവാള, തുടങ്ങിയവയ്ക്കും വില ഉയര്‍ന്നു.
പച്ചക്കറിവില താഴാതെ നില്‍ക്കുന്നതാണ് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. പതിവുപോലെ കാരറ്റാണ് വിലയില്‍ മുന്നില്‍, കിലോയ്ക്ക് 70 രൂപയ്ക്കു മുകളില്‍ നല്‍കണം.
പയര്‍ 60 രൂപ പിന്നിട്ടു. ബിറ്റ്റൂട്ട്, പാവയ്ക്ക് എന്നിവയ്ക്ക് ശരാശരി വില 50 രൂപയായി. വഴുതന, കാബേജ് എന്നിവയ്ക്ക് 35- 40 രൂപ. ബീന്‍സിനു വില 60 മുതല്‍ 90 രൂപ വരെയായി. പച്ചമുളകിനു 60 രൂപയും ഉള്ളിയ്ക്കു 100 രൂപ വരെയുമായി വില.
ഇറച്ചി, മീന്‍, പച്ചക്കറി എന്നിവയുടെ വില ഉയര്‍ന്നത് ഹോട്ടലുടമകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ മീന്‍വില ഇരട്ടിയിലേറെയാണ് കൂടിയത്. വില കൂടിയതോടെ കച്ചവടം പകുതിയോളം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു.