ചൈനയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് യഥാര്‍ഥത്തില്‍ തകര്‍ത്തെറിഞ്ഞത് യൂറോപ്പിനെയാണ്.
ഇറ്റലിയും സ്‌പെയിനുമടക്കം നിരവധി യൂറോപ്യന്‍ രാജ്യങ്ങളാണ് കോറോണയില്‍ തകര്‍ന്നടിഞ്ഞത്. ദിവസേന നൂറു കണക്കിനാളുകളാണ് യൂറോപ്പില്‍ മരിച്ചു വീഴുന്നത്.
എന്നാല്‍ ഈ സാഹചര്യത്തില്‍ വിസ്മയമാകുകയാണ് ജര്‍മനി. ഏകദേശം മൂന്നരലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി മാത്രമുള്ള ജര്‍മനിയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോകേണ്ട അവസ്ഥ ഈ രാജ്യത്തിനുണ്ടായിട്ടില്ല. ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കലിനടക്കം ഹോം ക്വാറന്റൈനില്‍ പോകേണ്ട അവസ്ഥയുണ്ടായി.
രോഗബാധയുടെ തീവ്രത മറ്റു രാജ്യങ്ങള്‍ക്കു സമാനമാണെങ്കിലും മരണനിരക്ക് വളരെ കുറവാണ് എന്നതാണ് ജര്‍മനിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആകെ 57,695 പേര്‍ക്ക് ജര്‍മനിയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടും മരിച്ചിട്ടുള്ളത് ആകെ 433 പേര്‍ മാത്രമാണ്.
അതായത് രാജ്യത്തെ കൊവിഡ് 19 മരണനിരക്ക് എന്നത് 0.75 % ആണ്. മരണനിരക്കിലുള്ള കുറവ് വ്യക്തമാക്കുക ഇതിനെ ഇറ്റലിയുടേതുമായി താരതമ്യം ചെയ്യുമ്പോഴാണ്.
ഇറ്റലിയില്‍ ഇതുവരെ രോഗം ബാധിച്ചത് 92,472 പേര്‍ക്കാണ്, അതില്‍ മരണപ്പെട്ടിരിക്കുന്നത് 10,023 പേരും. അതായത് മരണനിരക്ക് 10.84 %. എന്നുവെച്ചാല്‍ ജര്‍മനിയിലെ മരണനിരക്കിന്റെ പതിനാലിരട്ടിയോളം വരും ഇറ്റലിയിലേത് എന്നര്‍ത്ഥം.
സ്‌പെയിനുമായി താരതമ്യം ചെയ്തു നോക്കിയാല്‍, അവിടെ 73,235 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതില്‍ 5,982 പേര്‍ മരിച്ചു. അതായത് 8.2%. ജര്‍മനിയിലെ മരണനിരക്കിന്റെ പതിനൊന്നിരട്ടിയോളം വരും അതും.
ഗവണ്‍മെന്റിന്റെ മികവ് തന്നയാണ് ഇതിനു പിന്നിലെ ആദ്യഘടകം. പരിശോധനകള്‍ ഊര്‍ജിതമായി നടത്താനും രോഗികളെ പെട്ടെന്നു തന്നെ ഐസൊലേറ്റ് ചെയ്യാനായതും നേട്ടമായി.
രാജ്യത്തെ ആദ്യത്തെ സംക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ജനുവരി 28 -നാണ്. ബവേറിയയിലെ ഒരു കാര്‍ പാര്‍ട്‌സ് കമ്പനിയിലെ ജീവനക്കാരനാണ് ആദ്യമായി കൊവിഡ് 19 ബാധ സ്ഥിരീകരിക്കുന്നത്.
ആ സ്ഥാപനത്തിന് വുഹാനില്‍ രണ്ടു പ്ലാന്റുകള്‍ ഉണ്ടായിരുന്നു. അതുവഴിയാണ് വൈറസ് ജര്‍മനിയിലേക്ക് കടന്നുവരുന്നത്.
സംക്രമണം സംഭവിച്ച് രണ്ടേ രണ്ടു ദിവസത്തിനുള്ളില്‍ ആരോഗ്യവകുപ്പ് ആ രോഗിക്ക് അസുഖം പകര്‍ന്നുകൊടുത്ത ആളിനെ കണ്ടെത്തി. അയാളുടെ കോണ്ടാക്ടുകള്‍ ട്രാക്ക് ചെയ്ത അവരെ ക്വാറന്റൈനില്‍ ആക്കി. കമ്പനി ബവേറിയയിലെ പ്ലാന്റ് ഉടനടി അടച്ചു പൂട്ടി.
ചൈനയിലേക്കുള്ള യാത്രകള്‍ നിരോധിക്കുകയും ചെയ്തു. ആ കമ്പനിയിലെ തന്നെ മറ്റു പല ജീവനക്കാര്‍ക്കും പിന്നീട് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ട എങ്കിലും, അത് ഫലപ്രദമായി നിയന്ത്രിക്കാന്‍ ജര്‍മന്‍ ആരോഗ്യവകുപ്പിന് സാധിച്ചു.
ജര്‍മന്‍ ആരോഗ്യ വകുപ്പ് പിന്നീട് ചെയ്തത് അവരുടെ മുതിര്‍ന്നവരെ അസുഖം ബാധിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് സംരക്ഷിച്ച്, ഐസൊലേറ്റ് ചെയ്ത് നിര്‍ത്തുക എന്നതാണ്.
മുതിര്‍ന്നവരുടെ പ്രതിരോധശേഷി കുറവായതിനാല്‍ അവരില്‍ മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ട് എന്ന തിരിച്ചറിവായിരുന്നു ഇത്തരമൊരു നീക്കത്തിന് പിന്നില്‍.
മുതിര്‍ന്നവരെ സന്ദര്‍ശിക്കുന്നതിന് മറ്റുള്ളവര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത് വളരെ ഗുണം ചെയ്തു.
മറ്റുരാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ജര്‍മനിയില്‍ നിരവധി ചെറുപ്പക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് എങ്കിലും അതിനുള്ള പ്രധാന കാരണം ജര്‍മനിയില്‍ നടന്ന ടെസ്റ്റുകളുടെ എണ്ണക്കൂടുതലാണ്.
മറ്റൊരു കാരണം അവിടത്തെ സ്‌കീയിങ് കള്‍ച്ചര്‍ ആണ്. വര്‍ഷാവര്‍ഷം ഓസ്ട്രിയന്‍, ഇറ്റാലിയന്‍ ആല്‍പ്‌സ് പര്‍വ്വതനിരകളിലെ മഞ്ഞില്‍ സ്‌കീയിങ് നടത്താന്‍ വേണ്ടി പോകുന്നത് ഏതാണ്ട് ഒന്നരക്കോടിയോളം ജര്‍മന്‍കാരാണ്.
ടെസ്റ്റുകള്‍ കുറച്ചു മാത്രം നടത്തുന്ന രാജ്യങ്ങള്‍ നിരവധി സംക്രമണങ്ങള്‍ തിരിച്ചറിയാതെ പോവുകയും, രോഗം നിയന്ത്രണവിധേയമാക്കുന്നതില്‍ നിന്ന് അകന്നുപോവുകയുമാണ് ചെയ്യുക എന്ന് മാര്‍ട്ടിന്‍ സ്റ്റ്യൂമര്‍ എന്ന ഫ്രാങ്ക്ഫുര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മേധാവി പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മരണനിരക്ക് ഉയരുന്നുണ്ട്. മരണനിരക്കില്‍ ഏതെങ്കിലും സാഹചര്യത്തില്‍ വന്‍തോതില്‍ ഉയരുകയാണെങ്കില്‍ അത് ജര്‍മനിയെ പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ട്.