പാരീസ്: തന്റെ കരിയർ തകർത്തുവെന്നാരോപിച്ച് ഹ്യൂമൻ റിസോഴ്സ് (എച്ച്ആർ) മാനേജർമാരായ മൂന്നു സ്ത്രീകളെ വെടിവച്ചുകൊന്ന 48 വയസുകാരനു ജീവപര്യന്തം തടവുശിക്ഷ.
ഗബ്രിയേൽ ഫോർട്ടിൻ എന്നയാൾക്കാണ് ഫ്രാൻസിലെ വാലൻസ് നഗരത്തിലെ കോടതി 22 വർഷത്തെ ശിക്ഷ വിധിച്ചത്.
2021ലാണ് മൂന്നു കൊലപാതകങ്ങളും നടക്കുന്നത്.
മൂന്നു സ്ത്രീകളും വെടിയേറ്റു മരിച്ചു ദിവസങ്ങൾക്കു ശേഷം ഫോർട്ടിൻ അറസ്റ്റിലായി. “എച്ച്ആർ കൊലയാളി’ എന്നറിയപ്പെടുന്ന ഫോർട്ടിനിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ ബെർട്രാൻഡ് മിഷലും കോടതിയിൽ ഹാജരായിരുന്നു.
2006ൽ ഒരു കമ്പനിയിൽനിന്ന് ഫോർട്ടിനിനെ പിരിച്ചുവിട്ടതിൽ തുടർന്നുണ്ടായ പകയാണ് കൊലപാതകങ്ങളിൽ കലാശിച്ചത്.
അൽസാസ് മേഖലയിൽ 2021 ജനുവരി 26നാണ് ആദ്യ കൊലപാതകം നടന്നത്. എച്ച്ആർ മാനേജരായ എസ്റ്റെല്ലെ ലൂസാണ് ആദ്യം കൊല്ലപ്പെട്ടത്. പട്രീഷ്യ പാസ്ക്യോൺ, ജെറാൾഡിൻ കാക്ലിൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
പിസ വിതരണക്കാരന്റെ വേഷത്തിലെത്തിയ പ്രതി മിഷേലിനെ വെടിവച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ഫോർട്ടിനിനെ ഒരു കമ്പനിയിൽനിന്നു പിരിച്ചുവിട്ടതിൽ ലൂസിനും മിഷേലിനും പങ്കുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു.
മൂന്നു വർഷങ്ങൾക്ക് ശേഷം പിരിച്ചുവിടൽ നടപടികൾക്ക് കാക്ലിൻ നേതൃത്വം നൽകിയതു പ്രതികാരത്തിനു കാരണമായി. പാസ്ക്യോണുമായി ഫോർട്ടിനിനു നേരിട്ടു ബന്ധമില്ല.
എന്നാൽ വാലെൻസ് ജോബ് സെന്ററിലെ ജോലിക്കാരോടുള്ള പക പാസ്ക്യോണിനു നേരെയും ഉണ്ടായെന്ന് കോടതി പറഞ്ഞു.
രണ്ടാഴ്ചത്തെ വിചാരണയ്ക്കുശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. 1981ൽ ഫ്രാൻസിൽ വധശിക്ഷ നിർത്തലാക്കിയിരുന്നു. പരമാവധി ശിക്ഷ 22 വർഷത്തെ ജീവപര്യന്തം തടവായി പരിമിതപ്പെടുത്തിയിരുന്നു.