അങ്കമാലി: കറുകുറ്റി നീറുങ്ങലിലെ പതിനൊന്നുകാരിയുടെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും പോലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പോലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. തൃശൂർ കോടാലി മങ്കുഴി കുഴിക്കീശരത്തിൽ കൃഷ്ണകുമാർ- പ്രീതി ദമ്പതികളുടെ മകൾ ഹൃദ്യ (11) ആണു മരിച്ചത്.
കുട്ടിയുടെ അമ്മവീടായ കറുകുറ്റി നീരോലിപ്പാറ നീറുങ്ങലിലെ ആന്തപ്പിള്ളി വീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ പെണ്‍കുട്ടിയെ തിങ്കളാഴ്ച വൈകുന്നേരം കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുത്തശി കുളിമുറിയിലെ ബക്കറ്റ് എടുക്കാൻ എത്തിയപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ കഴുത്തിൽ തോർത്ത് മുറുകിയ പാട് ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാരാണു പോലീസിൽ വിവരം അറിയിച്ചത്.
വീട്ടുകാരെ വിശദമായ ചോദ്യം ചെയ്തെങ്കിലും തൂങ്ങിമരിച്ച നിലയിൽ കണ്ടുവെന്ന സൂചനകളാണ് അവർ നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളജിൽ പോലീസ് സർജന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.