കഴിഞ്ഞ ദിവസം കൊച്ചി പതിവിലേറെ ആഘോഷത്തിലും ആവേശത്തിലുമായിരുന്നു. കാരണം മറ്റൊന്നുമല്ല, ഇന്ത്യക്കാരുടെ എക്കാലത്തേയും ആരാധനാപാത്രങ്ങളായ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളാണ് കൊച്ചിയിലുണ്ടായിരുന്നത്. ലുലു മാളിലെ റാഡോ ഷോറൂമില്‍ ബോളിവുഡ് താരം ഋത്വിക് റോഷനും സ്വകാര്യ ആശുപത്രിയിലെ ചടങ്ങിനായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുമാണ് കൊച്ചിയിലുണ്ടായിരുന്നത്. ബ്ലാസ്‌റ്റേഴ്‌സ് ടീമിലൂടെ കേരളത്തിന്റെ സ്വന്തമായി മാറിയ സച്ചിന്റെ വരവ് ആരാധകര്‍ ആവേശം തെല്ലും കുറയാതെ തന്നെ ഏറ്റെടുത്തു. എന്നാല്‍ ബോളിവുഡ് താരം ഋത്വികിന്റെ വരവ് കുറച്ചു കൂടി സ്‌പെഷ്യലായി, കാരണം താരത്തെ ഇത്രയടുത്ത് മലയാളി ആരാധകര്‍ക്ക് കിട്ടുന്നത് ആദ്യമായിട്ടാണ്.
ഋത്വിക് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ലുലു മാള്‍ ആരാധകരാല്‍ നിറഞ്ഞു. വലിയ ആവേശത്തോടെയുള്ള സ്വീകരണവും ആരാധകരുടെ ആവേശവും താരത്തിന്റെ മനസ്സ് കീഴടക്കി. ചടങ്ങിന് ശേഷവും വേദിയില്‍ തന്നെ ഋത്വിക് തുടര്‍ന്നു. ‘കൊച്ചിയുടെ സ്‌നേഹം എന്നെ മടങ്ങാന്‍ അനുവദിക്കുന്നില്ല’ എന്ന് ഋത്വിക് പറഞ്ഞു. പിന്നെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് അടുത്ത ചോദ്യം, ഒപ്പം നൃത്തം ചെയ്യാന്‍ ആരെങ്കിലും വരുന്നോ?. ആരാധകരെല്ലാം ഒരേ സ്വരത്തില്‍ ഓക്കെ പറഞ്ഞപ്പോള്‍ ഭാഗ്യം കിട്ടിയത് മെറിന്‍ അഗസ്റ്റിന്‍ എന്ന ആരാധികയ്ക്ക്. ബംമ്പര്‍ ലോട്ടറിയടിച്ച സന്തോഷമായിരുന്നു മെറിന് അപ്പോള്‍.
മറ്റുള്ളവരെ അസൂയയോടെ നോക്കി നിന്നപ്പോള്‍ കലൂര്‍കാരി മെറിനെ, ഋത്വിക് കൈപിടിച്ച് വേദിയിലേയ്ക്ക് എത്തിച്ചു. കുറച്ചു നേരം ബാങ് ബാങ് എന്ന പാട്ടിനൊപ്പം ഋത്വികിന്റെ ചടുലമായ താളം. ഒടുവില്‍ മെറിനെ എടുത്തുയര്‍ത്തി വട്ടം കറക്കി. മറ്റ് ആരാധകരുടെ മുഖത്ത് നിരാശയും അത്ഭുതപ്പെട്ട് മെറിനും. ആരാധകരെ മുഴുവന്‍ കയ്യിലെടുത്താണ് ഗ്രീക്ക് ദൈവം മടങ്ങിയത്.