ഹൃത്വിക്- കങ്കണ വിവാദത്തില്‍ ആദ്യമായി പരസ്യ പ്രതികരണവുമായി ഹൃത്വിക് റോഷന്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇതാദ്യമായാണ് വിഷയത്തില്‍ ഹൃത്വിക് പരസ്യ പ്രതികരണം നടത്തുന്നത്. വിവാദത്തില്‍ തന്റെ നിശബ്ദതയെ ദൗര്‍ബല്യമായാണ് ലോകം വിലയിരുത്തന്നതെന്നും വാക്കുകള്‍ വളച്ചൊടിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് മതിയായി.
എനിക്ക് പറയാനുള്ളത് പറയണം. എന്തു വാക്കുകൊണ്ട് അതിനെ വിശേഷിപ്പിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. ഞാന്‍ കരുതിയിരുന്നത് എന്നെ ബാധിക്കാത്ത കാര്യങ്ങളില്‍ പ്രതികരിക്കണ്ട എന്നാണ്. പക്ഷേ എന്റെ നില ഞാന്‍ നോക്കണമായിരുന്നു. എന്നാല്‍ ഞാന്‍ കരുതിയിരുന്നത് ശരിയല്ലായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. ഹൃത്വിക് പറഞ്ഞു. വിവാദം തന്നെ നന്നായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ സ്വസ്ഥജീവിതത്തെയും സമൂഹ്യ ബന്ധത്തേയും അത് നന്നായി ബാധിച്ചിട്ടുണ്ട്. ഞാന്‍ വെറുതെ അല്ലെന്ന് നടിക്കുകയായിരുന്നു. ഇത് ഹീറോയിസമല്ല. ഇത് കരുത്തല്ല, വ്യാജമാണ്. എനിക്ക് എന്തെങ്കിലും ചെയ്തേ പറ്റൂ. ഇതാണ് അതിനുള്ള സമയം. ഹൃത്വിക് വ്യക്തമാക്കുന്നു.
നേരത്തെ ഹൃത്വികിനെതിരെ കങ്കണയും സഹോദരി രംഗോളിയും പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കോടതി വഴി മാത്രമായിരുന്നു ഹൃത്വിക് പ്രതികരിച്ചത്. പരസ്യ പ്രതികരണത്തിന് തയ്യാറായേയില്ല. ഇതാദ്യമായാണ് താരം വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തുന്നത്. ഞാന്‍ നന്നായി ഭയപ്പെട്ടിരുന്നു. എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുമോ എന്ന് ഞാന്‍ ഭയന്നിരുന്നു. ശക്തമായി എതിര്‍ത്തിരുന്നെങ്കില്‍ ദേഷ്യപ്പെടുകയാണെന്നവര് പറഞ്ഞേനെ, വികാരമായി പ്രതികരിച്ചിരുന്നെങ്കില്‍ ദുര്‍ബലനാണെന്നും സിമ്പതിയ്ക്ക് ശ്രമിക്കുകയാണെന്നും പറയുമായിരുന്നു. ഹൃത്വിക് പറഞ്ഞു. തെരുവിലൂടെ നടന്നു പോകുമ്പോള്‍ ആരെങ്കിലും തെറിവിളിച്ചാല്‍ മാന്യതയുള്ളവര്‍ മിണ്ടാതെ നടന്നു പോവുകയാണ് ചെയ്യുകയെന്നും അതുപോലെയേ താനും ചെയ്തുള്ളുവെന്നും ഹൃത്വിക് പറഞ്ഞു. നാല് വര്‍ഷമായി, എനിക്ക് മതിയായി. ഹൃത്വിക് വികാരഭരിതനായാണ് പരിപാടിയില്‍ പ്രതികരിച്ചത്. ഇനി താന്‍ തന്റെ മനസു തുറന്ന് സത്യം സത്യം പോലെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.