ഇരിങ്ങാലക്കുട: പീഡനക്കേസിൽ അറസ്റ്റിൽ. വെള്ളാങ്കല്ലൂർ എട്ടങ്ങാടി കോളനി കണ്ണാംകുളത്ത് പറന്പിൽ സലീമിനെയാണ് (38 ) ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ് അറസ്റ്റ് ചെയ്തത്.
കാട്ടൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണു പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം.
ഇവരുടെ വീട്ടിലെ കബോഡ് പണിക്കും ചവിട്ടി വിരിക്കുന്നതിനുമായി വന്ന പരിചയത്തിൽ വീട്ടിലെത്തിയ പ്രതി അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.
പീഡനരംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. മാനക്കേടുഭയന്ന യുവതി പരാതിപ്പെട്ടില്ല. മൊബൈലിലെടുത്ത ചിത്രങ്ങൾ കാണിച്ചു വീണ്ടും രണ്ടുതവണ കൂടി പീഡനത്തിനിരയാക്കി.
ഇതോടെ തകർന്നു പോയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ച ഉടനെ ഹരിജന പീഡന നിരോധന നിയമപ്രകാരം വെള്ളിയാഴ്ച കേസെടുത്ത പോലീസ് പിറ്റേന്നു തന്നെ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
പോലീസ് അന്വേഷിച്ചെത്തുമെന്ന സംശയത്തിൽ ഒളിവിൽ പോകുന്നതിനായി ഇറങ്ങിയ പ്രതിയെ കോണത്തുക്കുന്നിൽ വച്ച് തന്ത്രപരമായി കുടുക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കാട്ടൂർ എസ്ഐ വി.വി. വിമൽ, എസ്ഐ പി.ജെ. ഫ്രാൻസിസ്, എഎസ്ഐ ജലീൽ മാരാത്ത്, കെ. അജയ്, സിപിഒമാരായ കെ.എസ്. ഉമേഷ് മുരുകദാസ്, ഇ.എസ്. ജീവൻ, അജീഷ്, ടി.കെ. സിന്ധു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.