അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരേ സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായ മോശം പ്രവൃത്തിയിൽ ആശുപത്രി സൂപ്രണ്ടിന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ താക്കീത്.
ജീവനക്കാരുടെ ഭാഗത്തുനിന്നു മെച്ചപ്പെട്ട സേവനങ്ങൾ ആശുപത്രിയിൽ ഉറപ്പാക്കണമെന്ന് കമ്മിറ്റി നിർദേശിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വിദ്യാർഥിനികളെ സുരക്ഷാ ജീവനക്കാർ മർദിച്ചെന്നും വീഡിയോ റിക്കാർഡ് ചെയ്ത് പ്രചരിപ്പിച്ചെന്നും ആരോപിച്ച് രക്ഷകർത്താക്കൾ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയെ സമീപിച്ചിരുന്നു.
കൂടാതെ വീഡിയോ പ്രചരിച്ചതിന്റെ വിഷമത്തിൽ ഒരു കുട്ടി അമിതമായി ഗുളിക കഴിച്ച് ആശുപത്രിയിലായ കാര്യവും അപമാനം മൂലം സ്കൂളിൽ പോകാതിരുന്നതും രക്ഷാകർത്താക്കൾ കമ്മിറ്റിയെ അറിയിച്ചു.
സംഭവത്തിൽ ചൈൽഡ് ലൈൻ പ്രത്യേകം തെളിവെടുപ്പ് നടത്തി അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന കമ്മിറ്റിയിൽ അവതരിപ്പിച്ചു.
ഇതേത്തുടർന്നാണ് കമ്മിറ്റിയിൽ പങ്കെടുത്ത ആശുപത്രി സൂപ്രണ്ടിന് താക്കീത് നൽകിയത്.
നിയമപരമായ നടപടി സ്വീകരിക്കാൻ പോലീസിന് മാത്രമേ അധികാരം ഉള്ളെന്നും സുരക്ഷാ ജീവനക്കാർക്ക് ഇതിനുള്ള അധികാരം നൽകിയിട്ടില്ലന്നും കമ്മിറ്റി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.താഹ, ഡിസിപിഒ ടി.വി. മിനിമോൾ, സിഡബ്ല്യുസി ചെയർപേഴ്ൺ അഡ്വ.ജി. വസന്തകുമാരിയമ്മ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ ജോർജ് പുളിക്കൽ , ജില്ലാ സപ്ലൈ ഓഫീസർ, ശിശുക്ഷേമ സമിതി അംഗങ്ങളായ കെ. നാസർ, പ്രേംസായി ഐസിഡിസി പ്രോജക്ട് ഓഫീസർ മായ, ലക്ഷ്മി, സാമൂഹ്യനീതി, പോലീസ്, ചൈൽഡ് ലൈൻ, ജുവൈനൽ ഹോം പ്രതിനിധികൾ പങ്കെടുത്തു.