തുടർച്ചയായി പെയ്യുന്ന മഴയിൽ കേരളം നനഞ്ഞു കുളിക്കുകയാണ്. ഒരു ദിവസമെങ്കിൽ ഒരു ദിവസം സ്കൂളിൽ നിന്നും അവധിയെടുത്ത് വീട്ടിൽ വെറുതെ ഇരിക്കുവാൻ ഇഷ്ടപ്പെടുന്ന കുട്ടികൾ, അവധി പ്രഖ്യാപിച്ചു എന്ന വാർത്തയ്ക്കു വേണ്ടി ഇമചിമ്മാതെ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അതിരസകരമായ സംഭവമാണ് എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ നിന്നും കാണുവാൻ സാധിക്കുന്നത്.
കളക്ടർ മുഹമ്മദ് വൈ. സഫിറുള്ളയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്കു താഴെ നൂറുകണക്കിന് വിദ്യാർഥികളാണ് അവധി നൽകണമേ എന്ന് അപേക്ഷാസ്വരത്തിൽ അഭ്യർഥിക്കുന്നത്. സിനിമകളിലെ പഞ്ച് ഡയലോഗുകൾ ഈ അഭ്യർഥനയ്ക്കായി ഉപയോഗിച്ചിരിക്കുന്നതാണ് ഏറെ രസകരം. വിപ്ലവ സിംഹമേ എന്നാണ് ചില കുട്ടികൾ കളക്ടറെ അഭിസംബോധന ചെയ്തിരിക്കുന്നത്.
കളക്ടർ അവധി പ്രഖ്യാപിച്ചപ്പോളിതാ പിന്നീട് നന്ദി പ്രകടനമായി. നന്ദി പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ നാളെ കൂടിയും അവധി നൽകണമേ എന്നാണ് വീണ്ടും അപേക്ഷ. എന്നാൽ വിപ്ലവ സിംഹം കനിഞ്ഞതു കൊണ്ട് വീട്ടിൽ സമാധാമില്ലെന്നും സ്കൂളിന് അവധി നൽകരുതെന്നുമാണ് ഒരു പിതാവിന്റെ ആവശ്യം. എന്തൊക്കെയായാലും തലതല്ലി ചിരിക്കുവാൻ എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ ഒന്നു നോക്കിയാൽ മതി.