ആ ദിനങ്ങളിലെ അനുഭവങ്ങൾക്ക് അവൾക്കു വാക്കുകളാൽ വിവരിക്കാനറിയില്ല. പക്ഷേ, എല്ലാം മറന്നു പുതിയൊരു ജീവിതത്തിന് ഒരുങ്ങുകയാണവൾ.
എലിഷ ഗ്രീർ എന്ന 27 വയസുകാരിയാണ് പുതിയൊരു ജീവിതത്തിനായി ഓസ്ട്രേലിയയിലേക്കു മടങ്ങാനൊരുങ്ങുന്നത്.
ലിവർപൂളിൽനിന്നുള്ള എലിഷ ക്വീൻസ്ലാന്റിലൂടെയുള്ള ഒരു റോഡ് യാത്രയ്ക്കിടയിലാണ് കെയിൻസിൽ വെച്ച് മാർട്ടിൻ എന്ന യുവാവിനെ കണ്ടുമുട്ടിയത്.
പരിചയപ്പെട്ടപ്പോൾ മാർട്ടിൻ ഒരു നല്ല വ്യക്തിയാണെന്നാണ് അവൾക്കു തോന്നിയത്. അങ്ങനെയാണ് അയാളെയും ഒപ്പം കൂട്ടിയത്.
പക്ഷേ, വലിയൊരു ദുരന്തത്തെ ജീവിതത്തിലേക്കു ക്ഷണിച്ചുകയറ്റുകയാണെന്ന് അവൾ തിരിച്ചറിഞ്ഞതേയില്ല. ഇടയ്ക്കിടെ അയാളുമായി ചാറ്റ് ചെയ്തിരുന്നു.
അപ്പോഴൊക്കെയും അവൻ ഒരു തമാശക്കാരനാണെന്നാണ് തോന്നിയത്. എന്നാൽ, അവനിൽ ഉറങ്ങിക്കിടന്ന ഒരു മനോരോഗിയെ തിരിച്ചറിയാൻ അവൾക്കു കഴിഞ്ഞിരുന്നില്ല.
കണ്ടുമുട്ടിയപ്പോഴും സംസാരിച്ചപ്പോഴുമെല്ലാം അയാൾ ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നു.
എന്നാൽ, ഇടയ്ക്കെപ്പോഴോ അയാളുടെ സ്വഭാവം മാറി. അതു തിരിച്ചറിയാൻ അവൾക്കു കഴിഞ്ഞില്ല.
തിരിച്ചറിഞ്ഞപ്പോഴേക്കു രക്ഷപ്പെടാനുള്ള വഴികൾ അടഞ്ഞിരുന്നു. മയക്കുമരുന്ന് ഭ്രാന്തനായിരുന്നു മാർക്കസ് മാർട്ടിൻ എന്നു തിരിച്ചറിയാനും വൈകി. 2017 ലാണ് ഹെയർഡ്രസറായ എലിഷയെ തട്ടിക്കൊണ്ടു പോയത്.
തോക്കിൻ മുനയിൽ കിലോമീറ്ററുകളോളം വിജനമായ പ്രദേശത്തുകൂടെ ഒാടിച്ചശേഷമാണ് തട്ടിക്കൊണ്ടു പോയത്. പിന്നീട് ഒരു മാസത്തോളം എലിഷ അവന്റെ പിടിയിലായിരുന്നു.
മർദനം, ലൈംഗിക പീഡനം ഒക്കെയും അരങ്ങേറി. രക്ഷപ്പെടാൻ പലതവണ ശ്രമിച്ചതൊന്നും വിജയിച്ചില്ല. ജീവിതം അയാളുടെ തോക്കിൻ മുനയിലായിരുന്നു.
മാർട്ടിൻ ജയിലിൽ
2019ൽ മാർട്ടിനെ പത്തു വർഷത്തേക്കു ജയിലിലടച്ചു. ഒരു ദിവസം മാർട്ടിൻ സ്വതന്ത്രനാകും എന്ന് എനിക്കറിയാം.
പക്ഷേ, അതോർത്തു ഭയന്നുകഴിയാൻ തയാറല്ല. അയാൾ തന്നോടു ചെയ്ത കാര്യങ്ങളോർത്തു ജീവിതം പാഴാക്കാനുമില്ല.
ഓസ്ട്രേലിയയിൽ ജീവിക്കാനാഗ്രഹിക്കുന്ന എലിഷ അവിടേക്കു പോകാനൊരുങ്ങുകയാണ്. ജീവിതത്തിലെ ഏറ്റവും മോശമായത് ഇതിനകം സംഭവിച്ചു കഴിഞ്ഞു.
തന്റെ ജീവിതം ഭരിക്കാൻ ഇനി മാർട്ടിനെ അനുവദിക്കില്ലെന്ന് അവൾ പറയുന്നു.
രക്ഷപ്പെടൽ
മാർട്ടിന്റെ പിടിയിൽനിന്നുള്ള രക്ഷപ്പെടലും അപ്രതീക്ഷിതമായിരുന്നു. 2017 മാർച്ചിൽ ഒരു വിദൂര പട്ടണത്തിൽ ഇന്ധനം വാങ്ങാനായി വണ്ടി നിർത്തിയപ്പോൾ അവിടുത്തെ പെട്രോൾ അറ്റൻഡന്റാണ് വണ്ടിക്കുള്ളിൽ തളർന്നിരിക്കുന്ന പെൺകുട്ടിയെ കണ്ടത്.
അവളുടെ മുഖത്തും കണ്ണിന്റെ ഭാഗത്തുമുള്ള കരിവാളിപ്പുകൾ മർദനം ഏറ്റതുപോലെയാണെന്ന് അയാൾക്കു തോന്നി.
അയാൾ പെട്രോൾ പന്പ് ഉടമയെ വിവരം അറിയിച്ചു. പന്തികേടു തോന്നിയ പെട്രോൾ സ്റ്റേഷൻ ഉടമ ഇവരുടെ വണ്ടിയെ പിന്തുടർന്നു.
പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് എത്തി മാർട്ടിന്റെ താവളം കണ്ടെത്തി. ആദ്യം എലിഷയെയും തുടർന്ന് പിന്നിലെ രഹസ്യ കന്പാർട്ട്മെന്റിൽ ഒളിച്ചിരുന്ന മാർട്ടിനെയും കണ്ടെത്തി.
ഭീകര അനുഭവങ്ങൾ
ഭീകരദിനങ്ങളായിരുന്നു മാർട്ടിനൊപ്പം കഴിഞ്ഞ ദിവസങ്ങളെന്ന് എലിഷ ഒാർമിക്കുന്നു. അയാൾ അവളുടെ മൂക്കിന്റെ തരുണാസ്ഥി ഇടിച്ചു പൊട്ടിച്ചിരുന്നു.
രക്ഷപ്പെടൽ കഴിഞ്ഞ് ആശുപത്രിയിലെത്തിയാണ് ഇതു ശരിയാക്കിയത്. അവൻ എന്റെ കണ്ണുകൾ തുരക്കാൻ ശ്രമിച്ചു.
അയാൾ എന്റെ കാലുകൾ തകർത്തു, അതിനാൽ എനിക്കു നടക്കാൻ പ്രയാസമാണ്. – എലിഷ ഡെയ്ലി മെയിൽ ലേഖകനോടു പറഞ്ഞു.
കുറ്റസമ്മതം
2018 ഒക്ടോബറിൽ വടക്കൻ ക്വീൻസ്ലാന്റിലെ കെയ്ൻസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ബലാത്സംഗം, ബന്ദിയാക്കൽ എന്നീ കുറ്റകൃത്യങ്ങൾ മാർട്ടിൻ സമ്മതിച്ചു.
ശാരീരിക ഉപദ്രവം, മനപൂർവമുള്ള നാശനഷ്ടം, കഴുത്തു ഞെരിച്ചു കൊല്ലാനുള്ള ശ്രമം എന്നീ കുറ്റകൃത്യങ്ങളും സമ്മതിച്ചു.
താൻ ഒരു ബൈക്ക് സംഘത്തിന്റെ ഭാഗമാണെന്നും അവർ ലോകമെന്പാടുമുള്ളവരാണെന്നും ഞാൻ എവിടെ ഒളിച്ചാലും അവനു കണ്ടെത്താൻ കഴിയുമെന്നുംപറഞ്ഞ് അവനെന്നെ ഭയപ്പെടുത്തയിരുന്നു.
ഞാൻ രക്ഷപ്പെട്ടാൽ എന്റെ കുടുംബത്തെ ദ്രോഹിക്കാൻ അവരോടു കല്പിക്കുമെന്നും ഭീഷണി മുഴക്കി.
ബന്ദിയാക്കലിന്റെ ബാക്കിപത്രമായ വിഷാദരോഗം ഇപ്പോഴും ഇടയ്ക്കിടെ അവളെ അലട്ടുന്നുണ്ട്. എങ്കിലും എല്ലാം തരണം ചെയ്യാനുള്ള ശ്രമത്തിലാണവൾ.