കോട്ടയം: ജില്ലയിലെ ഒരു എസ്എച്ചഒ യെ കാസർകോഡിനു സ്ഥലം മാറ്റി ഉത്തരവിറങ്ങിയതോടെ എംഎൽഎയ്ക്കു ഫേസ്ബുക്കിൽ അഭിനന്ദനം.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ 62 എസ്എച്ചഒമാരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇതിൽ കോട്ടയം ജില്ലയിൽ നിന്നും നാലു എസ്എച്ച്ഒമാർക്കാണ് സ്ഥലംമാറ്റം നല്കിയത്.
ഇതിൽ ഈരാറ്റുപേട്ട എസ്എച്ചഒ പ്രസാദ് എബ്രഹാം വർഗീസിനെയാണ് കാസർകോഡ് ജില്ലയിലെ തൃക്കരിപ്പൂരിലേക്ക് മാറ്റിയത്. പകരം തലയോലപ്പറന്പ് എസ്എച്ചഒ ബാബു സെബാസ്റ്റ്യനെ ഈരാറ്റുപേട്ടയിലേക്ക് നിയമിച്ചു .
മേലുകാവ്, കടുത്തുരുത്തി സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരെ പരസ്പരം മാറ്റി നിയമിക്കുകയുമാണ് ചെയ്തിരിക്കുന്നത്.ഇതിൽ ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസിനെ സ്ഥലം മാറ്റിയതാണ് ഫേസ്ബേുക്കിൽ ചർച്ചയായിരിക്കുന്നത്.
അടുത്തയിടെ ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിപ്പെട്ട ഒരു ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭരണകക്ഷിയിൽപ്പെട്ട ചില നേതാക്കൾ എസ്എച്ചഒയെ സ്ഥലം മാറ്റുമെന്നു ഒളിഞ്ഞു തെളിഞ്ഞും പറഞ്ഞിരുന്നു.
ഇതിന്റെ ഫലമായിട്ടാണ് ഇദേഹത്തെ കാസർകോഡിനു തട്ടിയത്. ഈ എസ്എച്ചഒയെ സ്ഥലം മാറ്റിയ സന്തോഷത്തിൽ എംഎൽഎയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ഈ പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരികയും ചെയ്യുന്നുണ്ട്.
എസ്എച്ച്ഒ ജില്ലാ പഞ്ചായത്ത് മെംബറുടെ ചങ്കായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ സ്ഥലം മാറ്റത്തിനു പിന്നിൽ ജില്ലയിലെ ഒരു നേതാവിന്റെ ശിങ്കിടികളുടെ പാസില്ലാത്ത കള്ള് വണ്ടിയും മണ്ണ് ലോറിയും പിടിച്ചതിലുള്ള കലിപ്പാണെന്നും ആരോപണമുണ്ട്.
ഈരാറ്റുപേട്ട മേഖലയിലെ ഗുണ്ടാ സംഘങ്ങളെയും കഞ്ചാവ് മാഫിയയെ സംഘത്തെയും ഒതുക്കിയത് ഇദേഹമായിരുന്നു.
വിട്ടുവീഴ്ചയില്ലാതെ കൃത്യമായി ജോലി ചെയ്തിരുന്ന എസ്എച്ചഒയെ സ്ഥലം മാറ്റിയതിൽ ജില്ലയിലെ പോലീസ് സേനയ്ക്കുള്ളിലും അമർഷമുണ്ട്.