സി.സി.സോമൻ
കോട്ടയം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി(എസ്എച്ച്ഒ) സർക്കിൾ ഇൻസ്പെക്ടർമാരെ നിയമിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഇതോടെ മുന്‍പുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ എന്ന തസ്തിക പൂർണമായി ഇല്ലാതായി.
എസ്എച്ച്ഒ ആയ ഇൻസ്പെക്ടർ സർക്കിൾ ഓഫീസിൽനിന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറും. പോലീസ് സ്റ്റേഷനുകളോടനുബന്ധിച്ചുള്ള സർക്കിൾ ഓഫീസുകൾ പോലീസ് സ്റ്റേഷന്റെ ഭാഗമാകും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ആകെയുള്ള 483 പോലീസ് സ്റ്റേഷനുകളിൽ 196 എണ്ണത്തിൽ എസ്എച്ച്ഒമാരായി ഇൻസ്പെക്ടർമാരെ നിയമിച്ചിരുന്നു.
ബാക്കിയുള്ള 267 സ്റ്റേഷനുകളിൽ അടിയന്തരമായി ഇൻസ്പെക്ടർമാരെ നിയമിച്ചുകൊണ്ടാണ് പുതിയ ഉത്തരവിറങ്ങിയത്. ഇനിയും ആവശ്യത്തിന് ഇൻസ്പെക്ടർമാരില്ലെങ്കിൽ സീനിയർ എസ്ഐമാർക്ക് പ്രമോഷൻ നല്കി എസ്എച്ച്ഒ നിയമനം പൂർത്തിയാക്കാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ 168 എസ്ഐമാർക്ക് പ്രമോഷൻ നല്‍കിക്കൊണ്ടുള്ള ഉത്തരവിറങ്ങി.
ഇതുകൊണ്ടും എസ്എച്ച്ഒമാരുടെ എണ്ണം തികയ്ക്കാനാകുന്നില്ലെങ്കിൽ പ്രമോഷ ൻ ലഭിക്കാത്ത സീനിയർ എസ്ഐമാർക്ക് വീണ്ടും പ്രമോഷൻ നല്കി എസ്എച്ച്ഒ തസ്തികയിൽ നിയമിക്കും. ക്രൈം, ലോ ആൻഡ് ഓർഡർ എന്നിവ രണ്ടു വിഭാഗമാക്കുന്നതിന്റെ ഭാഗമായാണ് ഇൻസ്പെക്ടർമാരെ എസ്എച്ച്ഒമാരാക്കിയത്. നിലവിലുള്ള പ്രിൻസിപ്പൽ എസ്ഐക്കാണ് ഇനി ലോ ആൻഡ് ഓർഡർ വിഭാഗത്തിന്റെ ചുമതല. ക്രൈം കേസുകളുടെ അന്വേഷണം മറ്റൊരു വിഭാഗത്തിനു നല്‍കും.