കോട്ടയം: ജില്ലയിൽ ഒരു പോലീസ് സ്റ്റേഷനിലേക്ക് അടുത്തയിടെ സ്ഥലം മാറിവന്ന എസ്എച്ച്ഒ ക്വാറന്റൈനിൽ പോകാതിരുന്നതിന്റെ പേരിൽ സഹപ്രവർത്തകർക്കുണ്ടായിരുന്ന ആശങ്ക 14 ദിവസം പിന്നിട്ടതോടെ മാറുന്നു.
കഴിഞ്ഞ മാസം 24നാണ് ആലപ്പുഴ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിൽനിന്നു സ്ഥലം മാറ്റം ലഭിച്ച് 27ന് കോട്ടയം ജില്ലയിലെ ഒരു സ്റ്റേഷനിൽ ചാർജെടുത്ത എസ്എച്ച്ഒയാണ് ക്വാറന്റൈനിൽ പോകാതിരുന്നതിനാൽ സഹപ്രവർത്തകർ ആശങ്കയിലായത്.
സ്ഥലം മാറ്റം ലഭിച്ചതിന്റെ ഭാഗമായി അദ്ദേഹം ജോലി ചെയ്തിരുന്ന സ്റ്റേഷൻ പരിധിയിലെ ഒരു പ്രമുഖ പച്ചക്കറി വ്യാപാരിയുമായി അടുത്തിടപഴകി സൗഹൃദം പങ്കുവച്ചശേഷമാണ് കോട്ടയത്തേക്കു പോന്നത്. തുടർന്ന് കഴിഞ്ഞ 27ന് കോട്ടയം ജില്ലയിലെ ഒരു സ്റ്റേഷനിൽ ചുമതല ഏറ്റെടുത്തു.
എന്നാൽ, ഇതിനിടയിൽ എസ്എച്ച്ഒ അടുത്തിട പഴകിയ പച്ചക്കറി വ്യാപാരിയുടെ ഭാര്യയ്ക്കു കോവിഡ് സ്ഥിരീകരിക്കുകയും ഇവർ ചികിത്സയിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്ന് ജൂലൈ അഞ്ചിനു വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
ഇതു കൂടാതെ വ്യാപാരിയുടെ അടുത്ത ബന്ധുക്കളായ 16 പേർ കോവിഡ് രോഗബാധിതരായി ചികിത്സയിൽ കഴിയുകയും ചെയ്തിരുന്നു. ഇതു കൂടി അറിഞ്ഞതോടെ എസ്എച്ച്ഒയുടെ സ്റ്റേഷനിലെ സഹപ്രവർത്തകർ പലരും ഭയപ്പെട്ടു.
എന്നാൽ, മേലുദ്യോഗസ്ഥനായതിനാൽ ആരോടും ഒന്നും പരാതിപ്പെടാൻ കഴിയാതെ ഇവർ ബുദ്ധിമുട്ടുകയായിരുന്നു. ഇന്നലെ 14 ദിവസം (ക്വാറന്റൈൻ കാലാവധി) പിന്നിട്ടു കഴിഞ്ഞപ്പോൾ എസ്എച്ച്ഒയ്ക്കു രോഗലക്ഷണമൊന്നും ഇല്ലാത്തതിനാൽ ആശങ്ക മാറി.
രോഗലക്ഷണം കാണിക്കാതെ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ സഹപ്രവർത്തകർ ഇപ്പോഴും ജാഗ്രതയിലാണ്. എന്നാൽ, എസ്എച്ച്ഒ വ്യാപാരിയുമായി അടുത്തിടപഴകിയ വിവരം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുകയും ഇവരുടെ അന്വേഷണത്തിൽ
എസ്എച്ച്ഒയ്ക്ക് സന്പർക്കത്തിലൂടെ രോഗവ്യാപനത്തിനുള്ള സാധ്യതയില്ലെന്നു കണ്ടെത്തുകയും വിവരം ബന്ധപ്പെട്ട പോലീസ് മേധാവികളെ അറിയിക്കുകയും ചെയ്തതായും സൂചനയുണ്ട്.